കൊച്ചി: വിദേശ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും ക്ഷണിക്കുന്ന പരസ്യങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. പാലക്കാട് മലബാര്‍ ഡിസ്റ്റിലറീസ് നിര്‍മിക്കുന്ന മദ്യവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടുന്ന പരസ്യങ്ങള്‍ പ്രചരിക്കുന്നത് ചോദ്യം ചെയ്ത് ചിന്തു കുര്യന് ജോയിയാണ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍ അധ്യക്ഷനായ ബെഞ്ച് സര്‍ക്കാര്‍, എക്സൈസ് വകുപ്പ്, ബീവറേജസ് കോര്പറേഷന്, മലബാര്‍ ഡിസ്റ്റിലറീസ് തുടങ്ങിയ എതിര്‍കക്ഷികളില്‍ നിന്നണ് വിശദീകരണം തേടിയത്. ഹര്‍ജി 20ന് പരിഗണിക്കാന്‍ മാറ്റി. പുതിയ മദ്യത്തിന് പേരിടാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ചുള്ള പ്രചാരണം അബ്കാരി ആക്ടിന് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
മദ്യ ഉപഭോഗം കുറക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്ന നടപടിയാണിത്. മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബ്രാന്‍ഡ് പ്രമോഷനോ പാടില്ലെന്ന് നിയമമുണ്ടെങ്കിലും മദ്യ ഉപഭോഗത്തിന് പ്രോത്സാഹനം നല്‍കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും ഹര്‍ജിയില്‍ പറയുന്നു.
