ചുട്ടകോഴിയെ പറന്നു പിടിച്ച് ഡ്രോണ്‍ ! ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കനും നിര്‍ത്തിപ്പൊരിച്ച ചിക്കനും ഉണ്ടാക്കിയ 11 പെരെ പോലീസ് പൊക്കി;

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ബക്കറ്റ് ചിക്കനാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കാന്‍ കൂട്ടം കൂടിയാല്‍ പോലീസിന് നോക്കിയിരിക്കാനാവുമോ ?

പൊതുസ്ഥലത്ത് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ചുപേര്‍ പരപ്പനങ്ങാടിയില്‍ അറസ്റ്റിലായപ്പോള്‍ വേങ്ങരയില്‍ ആറു പേര്‍ കുടുങ്ങിയത് കോഴിയെ നിര്‍ത്തിപ്പൊരിച്ചതിനാണ്. ഇരുകൂട്ടരെയും കുടുക്കിയതാവട്ടെ ഡ്രോണ്‍ കാമറയും.

ഡ്രോണ്‍ ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയില്‍ നടത്തിയ ആകാശ നിരീക്ഷണത്തിലാണ് കൂട്ടംകൂടി ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ച് പേര്‍ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണത്തില്‍ ദൃശ്യമായത്, സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്ന ബക്കറ്റ് ചിക്കന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കളായിരുന്നു.

തുടര്‍ന്ന് സ്ഥലം ലൊക്കേറ്റ് ചെയ്ത് എത്തിയ പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹണി കെ ദാസ്, എസ് ഐ മാരായ രാജേന്ദ്രന്‍ നായര്‍, മുരളി, പോലീസുകാരായ വിപിന്‍, ജിനേഷ്, കിഷോര്‍, എന്നിവര്‍ അടങ്ങുന്ന പോലീസ് സംഘത്തെ കണ്ട് രക്ഷപെടുവാന്‍ ശ്രമിച്ച അഞ്ച് പേരെയും പോലീസ് പിടികൂടുകയായിരുന്നു.

മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസ് എടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചുതായി പോലീസ് അറിയിച്ചു.

അതേ സമയം സംഘം ചേര്‍ന്ന് കോഴിയെ ചുട്ടതിനാണ് വേങ്ങരയില്‍ യുവാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തത്.

ചേറൂര്‍ പാടത്ത് കോഴിയെ പാചകം ചെയ്ത ആറു യുവാക്കള്‍ക്കെതിരെയാണ് കേസ്.

ഇരിങ്ങല്ലൂരില്‍ ഉപഭോക്താക്കള്‍ സാമൂഹിക അകലം പാലിക്കാതെ ഇറച്ചി വില്പന നടത്തിയ കടയുടമക്കെതിരെയും കേസെടുത്തു. പോലീസ് പിടിച്ചെടുത്ത ബക്കറ്റ് ചിക്കനും പൊരിച്ച കോഴിയും എന്തു ചെയ്‌തെന്ന് വ്യക്തമല്ല.

Related posts

Leave a Comment