ജയിലില്‍ വച്ച് യഥാര്‍ഥ സ്‌നേഹിതരെ തിരിച്ചറിഞ്ഞു ! പിറന്നാള്‍ ദിനത്തില്‍ വൈകാരികമായ കുറിപ്പുമായി എം ശിവശങ്കര്‍…

ജയില്‍ അനുഭവമാണ് യഥാര്‍ഥ സ്‌നേഹിതരെ മനസ്സിലാക്കാന്‍ സഹായകമായതെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍.

59-ാം പിറന്നാള്‍ ദിനത്തിലാണ് സ്വര്‍ണക്കടത്ത് കേസിലെ ജയില്‍വാസ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ടുള്ള വൈകാരിക ഫേസ്ബുക്ക് കുറിപ്പ്.

ജയില്‍ മോചിതനായ ശേഷം ശിവശങ്കര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല.

കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു. അന്നവിടെ ആരും തന്റെ പിറന്നാള്‍ ഓര്‍ക്കാന്‍ ഉണ്ടായിരുന്നില്ല.

ഈ പിറന്നാള്‍ ദിനത്തില്‍ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം എങ്കിലും തിരികെ കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാന്‍ കഴിഞ്ഞു.

അത് ചിലര്‍ കവര്‍ന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം. യഥാര്‍ത്ഥ സ്‌നേഹിതരേ മനസിലാക്കാന്‍ ഈ അനുഭവങ്ങള്‍ സഹായിച്ചു.

മുന്‍പ് പിറന്നാള്‍ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകള്‍ മാത്രമാണ് ഇത്തവണ പിറന്നാള്‍ ആശംസിച്ചത് എന്നും ശിവശങ്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ജോലിയില്‍ അവസാന നിമിഷം വരെ കഠിനാധ്വാനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ 572 ദിവസങ്ങളെ സര്‍ക്കാര്‍ സര്‍വീസില്‍ ബാക്കിയുള്ളൂ എന്നും രേഖപ്പെടുത്തുന്നു.

തെറ്റിദ്ധാരണകളുടെ ഭാരമില്ലാത്ത കൂടുതല്‍ അര്‍ഥമുള്ള ജോലികള്‍ ഏറ്റെടുക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നുണ്ട്.

സ്പ്രിങ്ക്‌ളര്‍ ഉള്‍പ്പെടെയുളള വിവാദങ്ങളെ നര്‍മത്തില്‍ പൊതിയാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വൈകാരികമായാണ് ഓരോ വാക്കുകളും എഴുതിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ചോ സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളോ ഒന്നും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.

സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനാല്‍ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച് മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്.

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തത്.

പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സമെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി.

സ്വര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയും 98 ദിവസം ജയിലില്‍ കഴിയുകയും ചെയ്തു. 2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി.

Related posts

Leave a Comment