റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ടെത്തിയ അഞ്ച് ഡ്രോണുകൾ തകർത്ത് സഖ്യസേന. പുണ്യനഗരങ്ങളിലൊന്നായ മദീനയെയും സൗദിയുടെ കിഴക്കൻ പ്രവിശ്യയെയും ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയതെന്നും സഖ്യസേന വ്യക്തമാക്കി.
ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യെമനിലെ ഹൂതി വിഭാഗമാണ് ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് സൂചന. സൗദിയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകൾ തകർത്തതായി സഖ്യസേനാ വക്താവ് തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സഖ്യസേനാ വക്താവ് ഇക്കാര്യം അറിയിച്ചത്. കിഴക്കൻ പ്രവിശ്യയിൽ വച്ച് അഞ്ചാമതൊരു ഡ്രോൺ കൂടി സഖ്യസേന വെടിവെച്ചിട്ടതായി അൽ മാലിക്കി പിന്നീട് മറ്റൊരു കുറിപ്പിലൂടെ സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം സൗദി അറേബ്യക്ക് സംരക്ഷണമൊരുക്കാൻ യുകെയും രംഗത്തിറങ്ങും. ഹൂതി ആക്രമണങ്ങളിൽ നിന്ന് സൗദിക്ക് സംരക്ഷണം നൽകാനാണ് യുകെയുടെ നീക്കം. ആക്രമണങ്ങളെ ചെറുക്കാൻ സൗദിക്ക് വേണ്ടി യുകെ പോർവിമാനങ്ങൾ വിന്യസിക്കാനാണ് തീരുമാനം.
