ഒന്നുപയോഗിച്ചാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല ! മാജിക് മഷ്‌റൂമിന്റെ മുമ്പില്‍ എല്‍എസ്ഡി വരെ തോറ്റുപോകും; ഒരാള്‍ പിടിയില്‍…

കൊച്ചി: പുതുവത്സരം കൊഴുപ്പിക്കാന്‍ എത്തിച്ച ലഹരി കൂണുകളുമായി ഒരാള്‍ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി നവീന്‍കുമാറി (22) നെയാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി. ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഷാഡോ പോലീസ് പിടികൂടിയത്.ഇയാളില്‍ നിന്നു വില്‍പ്പനയ്ക്കെത്തിച്ച നിരവധി ലഹരി കൂണുകള്‍(മാജിക് മഷ്‌റൂം) പിടിച്ചെടുത്തു. മുന്‍കാലങ്ങളില്‍ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നവരുടേയും നിലവിലുള്ള നടത്തിപ്പുകാരുടേയും വാട്‌സാപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചതില്‍ നിന്നുമാണ് കൊടൈക്കനാലില്‍ നിന്ന് ലഹരി കൂണുകള്‍ നഗരത്തിലേക്ക് കടത്തുന്ന സംഘത്തെ കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചത്.

നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ താമസിച്ചായിരുന്നു പ്രതി ലഹരിവസ്തു കൈമാറിയിരുന്നത്. നഗരത്തിലെ റേവ് പാര്‍ട്ടികളില്‍ സാധരണ ന്യൂജെന്‍ ലഹരിവസ്തുക്കളാണ് ഉപയോഗിക്കുന്നത്. എല്‍.എസ്.ഡി.യോട് കിടപിടിക്കുന്നതും പ്രകൃതിദത്തവുമായ ലഹരി കൂണുകള്‍ക്ക് ലഹരി ഉപയോക്താക്കളുടെയിടയില്‍ വന്‍ ഡിമാന്റാണ്.റേവ് പാര്‍ട്ടികളിലെ ആവശ്യമുള്‍ക്കൊണ്ട് ഒരു ലഹരി കൂണിന് ആയിരം രൂപയായിരുന്നു ഇയാള്‍ ഈടാക്കിയിരുന്നത്. വാട്‌സാപ്പ് കോളുകളിലൂടെയായിരുന്നു ഇയാള്‍ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിരുന്നത്.

Related posts