ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന ‘ എ’ അല്ല ! മാലയില്‍ കോര്‍ത്തിരിക്കുന്ന ‘എ’ അര്‍ജുന്‍ എന്നതിന്റെ ചുരുക്കമല്ലെന്ന് മലൈക അറോറ; ആളുകള്‍ ആവശ്യമില്ലാത്ത അര്‍ഥങ്ങള്‍ തങ്ങളുടെ ബന്ധത്തിനു നല്‍കുന്നെന്ന് താരം

33കാരനായ അര്‍ജുന്‍കപൂറും 45കാരിയായ മലൈക അറോറയും തമ്മിലുള്ള പ്രണയമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചാവിഷയം. മലൈക പങ്കുവച്ച പുതിയ ചിത്രങ്ങള്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ എരിവു പകര്‍ന്നിരിക്കുകയാണ്. ഇംഗ്ലിഷ് അക്ഷരങ്ങളായ ‘എ എം’ എന്നിവ ആലേഖനം ചെയ്ത മാല ധരിച്ച ചിത്രം മലൈക പങ്കുവെച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടത്. മലൈക- അര്‍ജുന്‍ പ്രണയത്തിന്റെ സ്ഥിരീകരണമായാണ് വലിയൊരു വിഭാഗം ആരാധകര്‍ ഈ മാലയെ കണ്ടത്. ഇതിലെ ‘എ’ അര്‍ജുന്റെയും ‘എം’ മലൈകയുടെ ആദ്യാക്ഷരങ്ങളാണെന്നായിരുന്നു ഇവര്‍ കണ്ടെത്തിയത്.

അതല്ല മകനായ അര്‍ഹാന്‍ ഖാനെയാണ് ‘എ’ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നു ചിലര്‍ വാദിച്ചു. ഈ ചര്‍ച്ചകള്‍ക്കിടയില്‍ വിശദീകരണവുമായി മലൈക രംഗത്തെത്തുകയും ചെയ്തു.പുതിയ പെന്‍ഡന്റിലെ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് മലൈക അറോറ എന്നാണെന്നു താരം വ്യക്തമാക്കിയിരിക്കുന്നത്. മാല ഒരുക്കിയ വാഹ്ബിസ് മെഹ്തയ്ക്കു നന്ദി അറിയിച്ചുകൊണ്ടുമാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴുത്തില്‍ കിടക്കുന്നത് ‘എം എ’ ആണെന്നു ഈ ചിത്രത്തില്‍ നിന്നു മനസ്സിലാക്കാം. സെല്‍ഫി എടുക്കുമ്പോള്‍ ചിത്രം തിരിഞ്ഞു പോയതുകൊണ്ടാണ് ‘എ എം’ ആയി മാറിയത്.


എന്നാല്‍ എന്തെങ്കിലും ഒന്നു കിട്ടാന്‍ കാത്തിരുന്നവര്‍ ഈ വിശദീകരണമൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ മിനക്കെട്ടിട്ടില്ല. ഇന്‍സ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലെ പേരിലെ ഖാന്‍ നീക്കം ചെയ്തതും അടുത്തിടെയാണ്. അര്‍ജുന്‍ കപൂറും മലൈക അറോറയും അടുത്ത വര്‍ഷം വിവാഹിതരാകുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മലൈകയും അര്‍ജുനും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയാറാകാത്തതിനാല്‍ വാര്‍ത്ത ഗോസിപ്പായി ആരാധകര്‍ തള്ളി കളഞ്ഞു.

45 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനു പിന്നാലെ 33കാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.അര്‍ജുന്‍ തന്റെ നല്ല സുഹൃത്താണെന്നും ആളുകള്‍ ആവശ്യമില്ലാത്ത അര്‍ഥങ്ങള്‍ ഞങ്ങളുടെ ബന്ധത്തിനു നല്‍കുന്നുവെന്നാണ് മലൈക അറോറ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. എന്തായാലും പുതിയ ചിത്രത്തിന്റെ അടിയിലും കമന്റുകളുടെ ബഹളമാണ്.

Related posts