മലപ്പുറം: നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷയുടെ ഇടപെടലിനെത്തുടർന്ന് മലപ്പുറം നഗരസഭയുടെ കോട്ടപ്പടി ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾക്ക് പ്രവേശനമായി.
ഇതോടെ ബസുകൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചെയർപേഴ്സന്റെ നേതൃത്വത്തിൽ കൗണ്‍സിലർമാർ ചേർന്ന് കെഎസ്ആർടിസി ഡ്രൈവറെ പൂച്ചെണ്ട് നൽകി ആദരിച്ചു.
കഴിഞ്ഞ ദിവസം മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാംഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനത്തിനിടെ കെഎസ്ആർ ടിസി ബസുകളും നഗരസഭയുടെ ബസ് സ്റ്റാൻഡിൽ പ്രവേശിക്കണമെന്ന ആവശ്യം ചെയർപേഴ്സണ്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് നേരിട്ട് ഉന്നയിച്ചിരുന്നു.
ഈ ആവശ്യം അംഗീ കരിച്ചാണ് മന്ത്രി ഉത്തരവായത്. തുടർന്ന് കെഎസ്ആർടിസി ബസുകൾ നഗരസഭ സ്റ്റാൻഡിൽ പ്രവേശിച്ചത്. സ്വീകരണച്ചടങ്ങിൽ വൈസ് ചെയർപേഴ്സണ്‍ ജിതേഷ് ജി. അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹാരിസ് ആമിയൻ, പരി അബ്ദുൾ മജീദ്, മറിയുമ്മ ഷെരീഫ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, കൗണ്‍സിലർമാരായ സി.കെ. റഫീഖ്, എ.പി. ശിഹാബ്, ഹർഷദ് സി.ടി, സദാദ് കാന്പ്ര, കെ.പി.നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.
