നിലമ്പൂർ :പാൽവില വർധന ആവശ്യപ്പെട്ട് നിലന്പൂരിൽ ക്ഷീരകർഷകരുടെയും ജീവനക്കാരുടെയും പ്രതിഷേധം. ജില്ലയിലെ ക്ഷീരകർഷകരും ക്ഷീര സംഘങ്ങളിലെ ജീവനക്കാരും പ്രതിഷേധ സമരത്തിൽ പങ്കാളികളായി. നിലന്പൂർ മിൽമ ഓഫീസിന് മുന്നിലാണ് പാലൊഴുക്കി പ്രതിഷേധ ധർണ നടത്തിയത്.
പാൽ പാത്രങ്ങളിലും കുപ്പികളിലും കരുതിയിരുന്ന പാലൊഴുക്കി കളഞ്ഞു. നിലന്പൂർ കോടതിപ്പടിയിൽനിന്ന് സ്ത്രീകൾ ഉൾപ്പടെ നൂറുക്കണക്കിന് ക്ഷീരകർഷകരും സംഘം ജീവനക്കാരും പ്രകടനമായെത്തിയാണ് അരുവാക്കോട് മിൽമ കാര്യാലയത്തിനു മുന്നിൽ ധർണ നടത്തിയത്. പൊന്നാനി ബ്ലോക്കിലെ വട്ടംകുളം ക്ഷീര സഹകരണ സംഘം പ്രസിഡന്റ് അഷ്റഫ് ധർണ ഉദ്ഘാടനം ചെയ്തു.
തങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ അധികാരികൾ തയാറാകണമെന്നും നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാലിന് ലഭിക്കുന്ന തുക കൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ല. കാലിത്തീറ്റയ്ക്ക് ഉൾപ്പടെ വലിയ വില നൽകി വാങ്ങി പശുവളർത്തൽ നടത്താൻ സാധ്യമല്ല. പാലിന് വില വർധിപ്പിച്ച് ക്ഷീരകർഷക മേഖലയെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷീരമേഖല നഷ്ടത്തിലായതോടെ നിരവധി കർഷകർ ഈ മേഖല വിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആമയൂർ സംഘം പ്രതിനിധി സുധാകരൻ അധ്യക്ഷത വഹിച്ചു. മനോജ്, വിനോദ്, പ്രേമൻ തുടങ്ങിയവർ പ്രസംഗിച്ചു.
