പ്രണയത്തിന് ഭാഷ പ്രശ്‌നമല്ല…! ശ്രീലങ്കന്‍ കാമുകനോട് ചാറ്റ് ചെയ്യാന്‍ വിദ്യാര്‍ഥിനി തമിഴ് പഠിച്ചത് ഓണ്‍ലൈന്‍ വഴി; ഒളിച്ചോടിയ കമിതാക്കളെ പൊക്കിയത് തിരുവനന്തപുരത്തെ വാടകവീട്ടില്‍നിന്ന്

aaaaചാറ്റിംഗിലൂടെ സൗഹൃദവും പിന്നീട് പ്രണയവും കടല്‍ കടന്നതോടെ ഇരുപതുകാരി കാമുകനൊപ്പം പോകാന്‍ വീടുവിട്ടു. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തി വന്ന ചവറ പോലീസ് നാലു ദിവസത്തിനുശേഷം പെണ്‍കുട്ടിയെ തിരുവനന്തപുരത്തുള്ള വാടക മുറിയില്‍ നിന്നും കണ്ടെത്തി. നീണ്ടകര സ്വദേശിയായ ബിടെക് വിദ്യാര്‍ഥിനിയാണ് പ്രണയത്തിന് ദേശവും, ഭാഷയും നോക്കാതെ വീട്ടില്‍ നിന്നും ഇറങ്ങി പുറപ്പെട്ടത്. ശ്രീലങ്കയിലെ കാണ്ഡി സ്വദേശിയായ തന്‍സീം അഹ്‌സനെന്ന യുവാവുമായുള്ള നാലു മാസത്തെ സൗഹൃദമാണ് ഒളിച്ചോട്ടത്തിന് പ്രേരണയായത്.

ജൂണ്‍ മാസത്തില്‍ ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് ഇരുവരും പരിചയക്കാരായത്. പിന്നീട് മെസഞ്ചറിലൂടെയും ചാറ്റിംഗിലൂടെയും സൗഹൃദം വളര്‍ന്ന് പ്രണയമായി. തമിഴില്‍ സംസാരിച്ച യുവാവിനോട് തമിഴിലായിരുന്നു ചാറ്റിംഗ് നടത്തിയിരുന്നത്. ഇതിനിടയില്‍ മത്സ്യത്തൊഴിലാളിയായ പിതാവും വീട്ടുകാരും വിവരം അറിഞ്ഞു. തമിഴ് വശമില്ലാതിരുന്നതിനാല്‍ പെണ്‍കുട്ടി ഓണ്‍ലൈന്‍ വഴിയാണ് തമിഴ് പഠിച്ചിരുന്നത്.

വ്യത്യസ്ത മതമായതിനാല്‍ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ 10 ന് ഒരു ജോഡി വസ്ത്രവുമായി കുട്ടി വീടുവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല തിരുവനന്തപുരത്തെ ഒരു സ്വര്‍ണക്കടയില്‍ 19500 രൂപയ്ക്ക് വിറ്റശേഷം വാടകമുറിയെടുത്ത് കഴിഞ്ഞ് വരികയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചവറ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ചവറ സിഐ ഗോപകുമാറിന്റെയും എസ്‌ഐ ജയകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയത്. സ്‌റ്റേഷനിലെത്തിച്ച യുവതി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാമുകന്‍ ശ്രീലങ്കക്കാരനായതിനാല്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും കാമുകനെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

Related posts