കാട്ടുപന്നിയിറച്ചി കഴിച്ച മലയാളി കുടുംബം അതീവ ഗുരുതരാവസ്ഥയില്‍; ദുര്‍വിധിയുണ്ടായത് അഞ്ച് വര്‍ഷം മുമ്പ് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയ കൊച്ചുമ്മനും കുടുംബത്തിനും

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കാട്ടുപന്നിയുടെ മാംസം കഴിച്ച് മലയാളി കുടുംബത്തിലെ മൂന്നുപേര്‍ അബോധാവസ്ഥയില്‍. കൊട്ടാരക്കര അഞ്ചലിനു സമീപമുള്ള അണ്ടൂര്‍ സ്വദേശി ഷിബു കൊച്ചുമ്മന്‍ ഭാര്യ സുബി ബാബു മാതാവ് ഏലിക്കുട്ടി ഡാനിയേല്‍, എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇറച്ചിയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ദമ്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികള്‍ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാല്‍ വിഷബാധയേറ്റില്ല. അഞ്ചു വര്‍ഷം മുമ്പാണ് കൊച്ചുമ്മനും കുടുബവും ന്യൂസിലന്‍ഡിലേക്ക് കുടിയേറിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം വീട്ടില്‍ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച പന്നിയിറച്ചിയാണ് വീട്ടില്‍ പാകം ചെയ്തത്. ഇത് കഴിച്ച ശേഷം മൂവര്‍ക്കും കടുത്ത ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയല്‍വാസിയും ഷിബുവിന്റെ സുഹൃത്തുമായ ജോജി വര്‍ഗീസ് പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചു ദിവസം കഴിഞ്ഞിട്ടും ഇവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലയെന്നാണ് വിവരം.

ന്യൂസിലന്‍ഡിന്റെ വടക്കന്‍ ദ്വീപിലെ വൈക്കാറ്റോ മേഖലയിലുള്ള പുട്ടാരുരുവിലാണ് കൊച്ചുമ്മന്റെ കുടുംബം താമസിക്കുന്നത്. ഇവര്‍ കഴിച്ച ഇറച്ചി പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ദമ്പതികളുടെ കുട്ടികള്‍ ഇവരുടെ സുഹൃത്തുക്കളുടെ സംരക്ഷണത്തിലാണ്.കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടിപിടിച്ച് ഭക്ഷിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും പതിവ് സാഹസമാണ്. ഇതു തുടരുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഇപ്പോഴുണ്ടായിരിക്കുന്ന അപകടം.

ഹാമില്‍ട്ടണിലെ മലയാളി കൂട്ടായ്മകള്‍ ഇവര്‍ക്ക് സഹായവുമായി രംഗത്തുണ്ട്. ഷിബുവിന്റെ മാതാവ് ഏലിക്കുട്ടി സന്ദര്‍ശക വീസയിലാണ് ന്യൂസിലാന്‍ഡില്‍ എത്തിയത്. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ ചികില്‍സയ്ക്ക് ഭീമമായ തുകയാണ് ചിലവാകുന്നത്. ചികില്‍സയില്‍ പുരോഗതിയുണ്ടായാലും സാധാരണനിലയിലേക്ക് തിരിച്ചുവരാന്‍ ഏറെനാളത്തെ ആശുപത്രി പരിചരണം ആവശ്യമായതിനാല്‍ ഇതിന് വേണ്ടിവരുന്ന സാമ്പത്തിക ബാധ്യത അതിഭീമമാകും.ഇവര്‍ക്കുണ്ടായ ഭക്ഷ്യവിഷബാധയുടെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വെയ്ക്കാറ്റോ ഹെല്‍ത്ത് ബോര്‍ഡ് മെഡിക്കല്‍ ഓഫിസര്‍ റിച്ചാര്‍ഡ് വിപോണ്ട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും കുടുംബത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യുന്നുണ്ട്.

Related posts