പെരുത്ത നന്ദിയുണ്ട് ! കോര്‍പ്പറേഷനില്‍ ആറു കൊല്ലം മുമ്പ് നിവേദനം നല്‍കിയിട്ടും നടക്കാഞ്ഞ കാര്യമല്ലേ ട്രോളന്മാര്‍ നൈസായി നടത്തിത്തന്നത്; സന്തോഷത്തില്‍ മതിമറന്ന് മല്ലികാ സുകുമാരന്‍…

റോഡ് മോശമായതിനാല്‍ പൃഥിരാജിന്റെ നാലുകോടി വിലയുള്ള ലംബോര്‍ഗിനി തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞ മല്ലിക സുകുമാരനെ ട്രോളന്മാര്‍ ട്രോള്‍മഴയില്‍ മുക്കിയിരുന്നു. മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും പരിഹാരമില്ല എന്ന വിഷമം നടി തുറന്നു പറഞ്ഞതിനെയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ട്രോളാക്കി മാറ്റിയത്.

”നാലു കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചപ്പോള്‍ ഏതാണ്ട് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്. അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്സ് വെട്ടിക്കുകയല്ല ചെയ്തത്. നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്സാണ് റോഡ് ടാക്സ്. അതുപോലെ കോര്‍പ്പറേഷന്‍ നിഷ്‌കര്‍ഷിക്കുന്ന നികുതി നല്‍കിയാണ് നമ്മള്‍ വീട് വെച്ചതും താമസിക്കുന്നതും. ഈ നികുതികള്‍ എല്ലാം അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് ബന്ധപ്പെട്ട അധികാരികളുടെ കടമായല്ലേ” ഇങ്ങനെയായിരുന്നു മല്ലികയുടെ പ്രതികരണം.

ഇപ്പോഴിതാ മല്ലികയുടെ ആ ആഗ്രഹം സഫലമാക്കി തിരുവനന്തപുരത്തെ വീട്ടുമുറ്റത്ത് ലംബോര്‍ഗിനി എത്തിയിരിക്കുന്നു. തിരുവനന്തപുരം കുണ്ടമണ്‍ഭാഗം എന്ന സ്ഥലത്താണ് മല്ലിക താമസിക്കുന്നത്. പ്രധാന റോഡില്‍ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ വേണം കോളനിയിലേക്കെത്താന്‍. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകാനുള്ള ഇടമേ ഉള്ളൂ. ആറ് വര്‍ഷം മുന്‍പ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഴി നന്നാക്കിത്തരണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ആ നിവേദനം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് പൃഥ്വി ലംബോര്‍ഗിനി വാങ്ങുന്നത്.

ഒരഭിമുഖത്തില്‍ കാര്‍ വീട്ടിലേക്ക് എത്തുന്നതിനുള്ള ബുദ്ധിമുട്ട് തുറന്നുപറഞ്ഞതാണ് ട്രോളായത്. ഇതോടെ അധികാരികള്‍ വിളിച്ച് പിന്തുണ അറിയിച്ചു. അങ്ങനെ വഴി വീതികൂട്ടി ടാര്‍ ചെയ്തു. കഴിഞ്ഞ ദിവസം ലംബോര്‍ഗിനിയുമായി പൃഥ്വിയെത്തി. ഇന്ദ്രനും കുടുംബവുമെത്തി. ഒത്തുചേരലിന്റെ സന്തോഷമായിരുന്നു പിന്നീട് വീട്ടില്‍. ആരോഗ്യപരമായ ട്രോളുകളോട് എന്നും നന്ദിയുണ്ടെന്നും മല്ലിക പറഞ്ഞു.എന്തായാലും ഉര്‍വശി ശാപം ഉപകാരമായതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരന്‍ ഇപ്പോള്‍.

Related posts