മമ്മൂട്ടി ഉയരം കുറയ്ക്കുന്നു! നാലടിക്കാരനായി മമ്മൂട്ടിയെത്തുന്നത് നാദിര്‍ഷ ചിത്രത്തില്‍! സംഭവിക്കാന്‍ പോകുന്നത് മെഗാസ്റ്റാറിന്റെ കരിയറിലെ വ്യത്യസ്ത ചിത്രം

jfjfj കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ അവിടിവിടായി കേള്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് നായകന്‍ എന്ന് ഉറപ്പിച്ചുകൊണ്ട് സംവിധായകന്‍ നാദിര്‍ഷ തന്നെ രംഗത്തെത്തിയിരിക്കുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നാദിര്‍ഷ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മമ്മൂക്കയാണ് തന്റെ അടുത്ത ചിത്രത്തിലെ നായകന്‍ എന്നും മമ്മൂക്ക തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും നാദിര്‍ഷ പറഞ്ഞു. ചിത്രത്തില്‍ നാലടി മാത്രം ഉയരമുള്ള പൊക്കം കുറഞ്ഞ കഥാപാത്രമായിട്ടായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നും നാദിര്‍ഷ പറഞ്ഞു. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നര്‍മ്മ പശ്ചാത്തലമുള്ള ചിത്രമാണിത്.

ആളുകള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞ കഥയായതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നും നാദിര്‍ഷ പറഞ്ഞു. എന്നാല്‍ കോമഡി തനിക്ക് പറ്റില്ല എന്ന് പറഞ്ഞ് മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം, തമിഴ് ചിത്രം പേരന്‍പ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. പണി പൂര്‍ത്തിയായി റിലീസ് കാത്തിരിക്കുകയാണ് ചിത്രം.

Related posts