ഏറ്റവും കൂടുതല്‍ എരിവുള്ളത് ഏറ്റവും ചെറിയ കാന്താരിമുളകിനാണ്! ഒരു സിനിമയില്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോ കണ്ടപ്പോഴേ മനസിലായി അയാള്‍ എന്തെങ്കിലുമൊക്കെ ഒപ്പിക്കുമെന്ന്; ഇന്ദ്രന്‍സിനെക്കുറിച്ച് മമ്മൂട്ടി പറയുന്നു

മലയാള സിനിമാലോകം മാറ്റത്തിലേയ്ക്ക് നീങ്ങുകയാണെന്നതിന്റെ സൂചനയാണ് നടന്‍ ഇന്ദ്രന്‍സിന് ലഭിച്ച സംസ്ഥാന അവാര്‍ഡ്. മലയാള സിനിമയില്‍ ഇത്രത്തോളം വിനയവും എളിമയുമുള്ള വ്യക്തിയില്ലെന്നും അദ്ദേഹത്തിന്റെ ആ എളിമ തന്നെയാണ് അദ്ദേഹത്തിന് ഈ വിജയം നേടിക്കൊടുത്തതെന്നും എല്ലാവരും പറയുകയുണ്ടായി.

എന്നാല്‍ ഇത് തന്റെ തുടക്കം മാത്രമാണെന്നും തനിക്കിനിയും ഒരുപാട് സഞ്ചരിക്കാനുണ്ടെന്നും ഇതൊന്നും ഒരു നേട്ടമേയല്ലെന്നുമാണ് ഇന്ദ്രന്‍സ് പല അവസരങ്ങളിലും പറഞ്ഞിട്ടുള്ളത്. ഇന്ദ്രന്‍സ് വീണ്ടും വീണ്ടും തന്റെ എളിമയെക്കുറിച്ച് പറയുമ്പോള്‍ ഇന്ദ്രന്‍സിന്റെ മികവുകളെക്കുറിച്ച് എടുത്തു പറയുന്ന മമ്മൂട്ടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആട് 2 എന്ന ചിത്രത്തിന്റെ നൂറാം വാര്‍ഷികാഘോഷ വേളയില്‍ ഇന്ദ്രന്ഡസിനെ ആദരിച്ച അവസരത്തിലാണ് മമ്മൂട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ…

സാധാരണ നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ എരുവുള്ളത് കാന്താരി മുളകിനാണെന്ന് പറയാറുണ്ട്. ഇത്രയും ചെറിയ മനുഷ്യനായിട്ടും (കുറവായിട്ട് പറയുകയല്ല) ഒരുപാട് വലിയ വലിയ കാര്യങ്ങള്‍ ഇന്ദ്രന്‍സ് മലയാളസിനിമയില്‍ ചെയ്തു.

ഇന്ദ്രന്‍സ് ആദ്യം ഒരു കൊമേഡിയന്‍ ആയിരുന്നു. കൊമേഡിയന്‍ എന്നാല്‍ ഇന്ദ്രന്‍സിന് ആകുന്നതും ആകാത്തതുമായ വേഷങ്ങള്‍ സിനിമയില്‍ കൂടി ചെയ്യിപ്പിച്ചിട്ടുണ്ട്. ഒരു കാലഘട്ടം കഴിഞ്ഞതിന് ശേഷമാണ് ഇന്ദ്രന്‍സ് എന്ന നടനെ തിരിച്ചറിയുകയും നല്ല വേഷങ്ങള്‍ കിട്ടുകയും ചെയ്യുന്നത്.

പ്രത്യേകതരം സിനിമകളെടുക്കുന്ന കുറച്ചുകൂടി കലാമൂല്യവും അര്‍ത്ഥവത്തായ സിനിമകള്‍ എടുക്കുന്ന ആളുകള്‍ക്ക് ഇന്ദ്രന്‍സിനെ നന്നായി പ്രയോജനപ്പെടുത്താന്‍ സഹായിച്ചു. സിനിമയില്‍ വന്ന കാലത്തു തന്നെ തിരക്കുള്ള താരമായിരുന്നു അദ്ദേഹം. കാറിന്റെ ഡിക്കിയില്‍ വരെ കിടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന് അര്‍ഥവത്തായതും കലാമൂല്യമുള്ളതുമായ സിനിമ അഭിനയിക്കാന്‍ കിട്ടി. അതിനുള്ള അംഗീകാരവും കിട്ടി. ഒരുപാട് സിനിമകള്‍ കണ്ടിട്ടുണ്ട്. പുതിയ സിനിമകള്‍ കാണാനുള്ള അവസരം എനിക്ക് കിട്ടിയിട്ടില്ല. ഒരു സിനിമയില്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോ കണ്ടു. അപ്പോള്‍ തന്നെ എനിക്ക് എവിടെയോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ഇയാള്‍ എന്തെങ്കിലും കുഴപ്പം കാണിക്കുമെന്ന്.

ഇങ്ങനെയുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് പരീക്ഷണങ്ങള്‍ ആണ്. നല്ല സിനിമകള്‍ എടുക്കാനും പരീക്ഷണ സിനിമകള്‍ എടുക്കാനും, കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ നടന്മാര്‍ക്കുള്ള ആവേശം, അല്ലെങ്കില്‍ അങ്ങനെയുള്ള ആഗ്രഹം, മടിയില്ലാതെ കഥാപാത്രം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത് ഇങ്ങനെയുള്ള പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോഴാണ്. മഹാപ്രതിഭകള്‍ക്കല്ലാതെ അതിനപ്പുറത്തേക്ക് ഇതുപോലെയുള്ള പ്രതിഭകളെ കണ്ടെത്താന്‍ സഹായിക്കുന്ന സംവിധായകരെയും അങ്ങേയറ്റം ആദരിക്കണം.

വലിയ നടന്മാരല്ലാത്ത നിലയില്‍ നില്‍ക്കുന്ന ഇന്ദ്രന്‍സിനെപ്പോലെയുള്ള ആളിന്, ഞങ്ങള്‍ക്കൊന്നും കിട്ടാത്ത ഒരു ഭാഗ്യം, ഇന്ദ്രന്‍സിന് പുരസ്‌കാരം കിട്ടിയതില്‍ അഭിനന്ദിക്കുന്നു. അതിലുപരി അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും, ഭാവിയില്‍ മലയാള സിനിമയില്‍ നല്ല കഥാപാത്രങ്ങളിലൂടെ വീണ്ടും വീണ്ടും അറിയപ്പെടാന്‍ ഇടയാകട്ടെ എന്നും ആശംസിക്കുന്നു.

 

Related posts