ഹരിപ്പാട്: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ഹരിപ്പാട് പോലീസിന്റെ പിടിയിലായി. പള്ളിപ്പാട് മാധവം അജയ് ഭവനം ഷിബു (48) ആണ് അറസ്റ്റിലായത്. പോലീസിനെ കണ്ട് രക്ഷപ്പെടാനായി അച്ചൻകോവിലാറ്റിൽ ചാടിയ പ്രതിയെ പോലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.
മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയിൽ ഷിബു ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയതോടെ പ്രതി ആറ്റിലേക്ക് ചാടി. എന്നാൽ, ആറിന്റെ എല്ലാ വശങ്ങളിലും നേരത്തെതന്നെ നിലയുറപ്പിച്ച പോലീസ് പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തി.
ഏറെ നേരം നീന്തിയതിനെത്തുടർന്ന് അവശനായി ആറ്റിൽ മുങ്ങിപ്പോകാൻ തുടങ്ങിയ ഷിബുവിനെ പോലീസുകാർ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.
മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതും പതിവാക്കിയ ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നാട്ടുകാർക്ക് സ്ഥിരം ശല്യക്കാരനായിരുന്നു.
ഹരിപ്പാട് സിഐ വി. ഷിബു, എസ്ഐ ബാബുജി എന്നിവരുടെ നേതൃത്വത്തിൽ എഎസ്ഐ എം. ശിഹാബ്, സിപിഒമാരായ നിസാം, സജാദ്, ഹരിപ്രസാദ്, പ്രദീപ് ഉണ്ണികൃഷ്ണൻ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
