ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് ഹോം ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്നു ! പിടികൂടി പെയ്ഡ് ക്വാറന്റൈനിലാക്കി പോലീസ്…

ഹോം ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിനെ പിടികൂടി പെയ്ഡ് ക്വാറന്റൈനിലാക്കി പോലീസ്. ദുബായില്‍ നിന്ന് 25ന് നാട്ടിലെത്തിയ എടത്വാ സ്വദേശിയായ യുവാവാണ് ഹോം ക്വാറന്റീന്‍ ലംഘിച്ച് എടത്വായിലും പരിസര പ്രദേശങ്ങളിലും കറങ്ങി നടന്നത്.

എടത്വാ സിഐ ദ്വിജേഷിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ സിസില്‍ ക്രിസ്റ്റില്‍ രാജ് നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്.

ദുബായില്‍ നിന്ന് മുംബൈ വഴി വീട്ടിലെത്തിയ ഇയാളോട് 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ വീട്ടിലെത്തിയ അന്നു മുതല്‍ പല ഓട്ടോറിക്ഷകളില്‍ കറങ്ങി നടന്നതായി പറയുന്നു.

എടത്വാ-തായങ്കരി റോഡില്‍ ഇല്ലിമൂട് ജംഗ്ഷന് സമീപത്തുവെച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്. പിടിക്കപ്പെടുമ്പോള്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്.

പിന്നീട് ഇയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും സംയുക്തമായി ആംബുലന്‍സില്‍ കയറ്റി ആലപ്പുഴ പെയ്ഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് അയച്ചു.

ഇയാളുടെ വീട്ടില്‍ പ്രായമായ മാതാപിതാക്കള്‍ മാത്രമാണുള്ളത്. പ്രവാസിയായ ഭാര്യയും മക്കളും ഇതുവരെ നാട്ടില്‍ എത്തിയിട്ടില്ല. അതേസമയം, ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്ന പലരും നാട്ടില്‍ കറങ്ങി നടക്കുകയാണെന്ന് പരാതി വ്യാപകമാണ്.

രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ തങ്ങള്‍ക്ക് രോഗമുണ്ടാവില്ലെന്ന ധാരണയാണ് ഇത്തരക്കാര്‍ക്കുള്ളത്.

Related posts

Leave a Comment