ഹിമാചലിലേയ്ക്കുള്ള യാത്രയ്ക്കിടെ കണ്ടുമുട്ടിയ ചായക്കടക്കാരനാണ് മന്‍ കി ബാത്ത് തുടങ്ങാന്‍ എനിക്ക് പ്രേരണയായത്! മോദി വന്നാലും പോയാലും ഇന്ത്യ അവിടെത്തന്നെ കാണും; നരേന്ദ്രമോദിയുടെ വാക്കുകളിങ്ങനെ

പ്രധാനമന്ത്രിയുടെ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത്തിന്റെ അമ്പതാമത്തെ എപ്പിസോഡില്‍ നരേന്ദ്രമോദി പറഞ്ഞ ചില കാര്യങ്ങളിപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. മോദി വരികയും പോകുകയും ചെയ്യും എന്നാല്‍, നമ്മുടെ രാജ്യം എന്നന്നേക്കും ഉള്ളതാണെന്നും നമ്മുടെ സംസ്‌കാരം കാത്തുസൂക്ഷിക്കണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതില്‍ ഒന്ന്.

പ്രധാനമന്ത്രിയുടെ റേഡിയോ പ്രക്ഷേപണ പരിപാടിയായ ‘മന്‍ കി ബാത്തിന്റെ’ അമ്പതാമത്തെ എപ്പിസോഡിലാണ് മോദി ഇക്കാര്യം ജനങ്ങളോടായി പങ്കുവെച്ചത്. സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോഴും താന്‍ എന്തുകൊണ്ട് റേഡിയോ തന്റെ മാധ്യമമായി തിരഞ്ഞെടുത്തുവെന്നും ‘മന്‍ കി ബാത്തി’നെക്കുറിച്ചുള്ള തന്റെ സങ്കല്‍പം എന്തായിരുന്നുവെന്നും മോദി വിശദീകരിച്ചു. ഏറെപേര്‍ക്ക് ഈ പരിപാടിയുടെ ഉദ്ദേശം അറിയാത്തത് കൊണ്ടാണ് താന്‍ അത് വിശദീകരിക്കുന്നതെന്നും മോദി പറഞ്ഞു.

‘മന്‍ കി ബാത്ത്’ പ്രഭാഷണം തുടങ്ങുമ്പോള്‍തന്നെ രാഷ്ട്രീയം അതില്‍ കടന്നുവരരുതെന്ന തീരുമാനം താന്‍ എടുത്തിരുന്നു. തന്നെയോ തന്റെ സര്‍ക്കാരിനെയോ അതിന്റെ നേട്ടങ്ങളെയോ പുകഴ്ത്തിപ്പറയാന്‍ താന്‍ ഈ മാധ്യമം ഉപയോഗിച്ചിട്ടില്ല. ഇതിനോട് നീതിപുലര്‍ത്താന്‍ തനിക്ക് കരുത്ത് നല്‍കിയത് ജനങ്ങളാണ്. ‘മന്‍ കി ബാത്ത്’ ജനങ്ങള്‍ക്കു വേണ്ടിയാണെന്നും രാഷ്ട്രീയത്തിന് വേണ്ടിയല്ലെന്നും മോദി പറഞ്ഞു.

‘മന്‍ കി ബാത്ത്’ ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ച മാധ്യമങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദിയും കടപ്പാടും രേഖപ്പെടുത്തി. 1998ല്‍ ‘ഹിമാചല്‍ പ്രദേശിലേക്കു യാത്ര ചെയ്യവേ വിജനമായ പ്രദേശത്ത് വെച്ച് റേഡിയോ വഴി വാര്‍ത്ത ശ്രവിക്കുന്ന ഒരു ചായക്കടക്കാരനെ കണ്ട് എനിക്ക് അത്ഭുതമുണ്ടായി.

ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി വാജ്‌പേയുടെ പ്രസംഗം അഭിമാനത്തോടെ കേള്‍ക്കുകയായിരുന്നു അയാള്‍. റേഡിയോയുടെ ശക്തിയും ജനങ്ങള്‍ക്കിടയിലെ സ്വാധീനവും താന്‍ മനസിലാക്കിയത് അന്നാണ്.’ മോദി പറഞ്ഞു.

Related posts