മഞ്ജു ബിജെപിയിലേക്ക്! ദൗത്യം സുരേഷ് ഗോപിക്ക്, കേന്ദ്രതലത്തില്‍ നീക്കങ്ങള്‍ സജീവം; മനസാക്ഷിസൂക്ഷിപ്പുകാരോട് അഭിപ്രായമാരാഞ്ഞ് നടി

mനടി മഞ്ജു വാര്യരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം വീണ്ടും സജീവമാക്കിയിരിക്കുകയാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് കോഴിക്കോട്ട് നടക്കുന്ന ദേശീയ കൗണ്‍സിലില്‍ മഞ്ജു വാര്യര്‍ നൃത്തം അവതരിപ്പിക്കുന്നതെന്നാണ്  അണികളും കരുതുന്നത്. സിനിമാതാരം സുരേഷ് ഗോപിക്കു പിന്നാലേ മഞ്ജുവാര്യരും പാര്‍ട്ടിയിലെത്തിയാല്‍ അതു കേരളത്തിലല്‍ വലിയ മാറ്റത്തിനു വഴിയൊരുക്കുമെന്ന് വലിയൊരു വിഭാഗം കരുതുന്നു. മഞ്ജുവിനെ പാര്‍ട്ടിയിലെത്തിക്കുകയെന്നത് കേന്ദ്രനേതൃത്വത്തിന്റെ പദ്ധതിയാണ്. നീക്കങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് അമിത് ഷായുടെ വിശ്വസ്തരാണ്. രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി വഴിയാണ് മഞ്ജുവിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം. പൂര്‍ണമായും മനസുതുറന്നിട്ടില്ലെങ്കിലും ക്ഷണം നിരസിച്ചിട്ടില്ല അവര്‍.

ബിജെപി ദേശീയ കൗണ്‍സിസില്‍ നൃത്തം അവതരിപ്പിക്കാന്‍ അവര്‍ സമ്മതിച്ചത് അനുകൂലസൂചനയായിട്ടാണ് ബിജെപി കാണുന്നത്. രാമായണത്തെ ആസ്പദമാക്കി 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തമാണ് മഞ്ജു അവതരിപ്പിക്കുക. കൗണ്‍സിലിന്റെ രണ്ടാം ദിവസമായ 24ന് വൈകുന്നേരമാണ് നൃത്തം. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവര്‍ കൂട്ടിക്കാഴ്ച്ച നടത്തും. ഈ കൂടിക്കാഴ്ച്ചയില്‍ മോദി തന്നെ മഞ്ജുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചേക്കുമെന്നാണ് സൂചന.  ബിജെപിയില്‍ ചേരുന്നതു സംബന്ധിച്ച് മഞ്ജുവാര്യര്‍ സുഹൃത്തുക്കളുടെ അഭിപ്രായം ആരായാഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

കേരളത്തില്‍ ബിജെപിക്ക് വേരുറപ്പിക്കാനായി ജനപ്രീതിയുള്ള കലാകാരന്മാരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. മഞ്ജു വാര്യരുടെ ജനപ്രീതി മനസിലാക്കിയ നേതൃത്വം അത് മുതലെടുക്കാന്‍ അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ മഞ്ജുവിനെ ദേശിയ കൗണ്‍സില്‍ യോഗത്തിന്റെ ചുമതലക്കാര്‍ നൃത്തത്തിന് ക്ഷണിച്ചിരിക്കുന്നതെന്നുമാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായി ബിജെപി അറിയിപ്പ് നല്‍കിയിട്ടില്ല.

Related posts