ഈ സമയത്തും സിനിമയെ പിന്തുണയ്ക്കുന്നു? വളരെ നല്ല കാര്യം! സുഹൃത്ത് ഗീതു മോഹന്‍ദാസിന്റെ ചിത്രത്തെക്കുറിച്ചുള്ള മഞ്ജു വാര്യരുടെ പോസ്റ്റിനെതിരെ പരിഹാസവുമായി സംവിധായകന്‍ ശ്രീകുമാര്‍മേനോന്‍

ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പുറത്തെത്തിച്ച ഒടിയന്‍ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷയെ ഹനിക്കുന്നതായിരുന്നു എന്ന ആരാധകരുടെ പരാതിയ്ക്ക്, ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ മറുപടി, നായിക മഞ്ജു വാര്യരോട് ശത്രുതയുള്ളവര്‍ പ്രചരിപ്പിക്കുന്നതാണിതെന്നാണ്. ചിത്രം വിവാദമായപ്പോള്‍ മഞ്ജു വാര്യര്‍ മൗനം വെടിയണമെന്നും ഒരാപത്തുണ്ടായപ്പോള്‍ അവര്‍ കൈവിട്ടിരിക്കുകയാണെന്നുമെല്ലാം ശ്രീകുമാര്‍മേനോന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ മലയാളികള്‍ തയാറായുമില്ല.

ഇപ്പോഴിതാ വീണ്ടും മഞ്ജു വാര്യരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാര്‍മേനോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘മൂത്തോന്’ ആശംസ നേര്‍ന്ന് മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കൊടുത്ത മറുപടിയാണ് ചര്‍ച്ചയായിരിക്കുന്നത്.

മൂത്തോന്റെ ടീസര്‍ റിലീസ് പ്രഖ്യാപിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത് ആശംസ അറിയിച്ച മഞ്ജുവിനെ പരോക്ഷമായി പരിഹസിക്കുന്നതായി ശ്രീകുമാറിന്റെ മറുപടി. മഞ്ജുവിന്റെ ഉറ്റ സുഹൃത്താണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ ട്വീറ്റിലൂടെ പറഞ്ഞത്.

‘ഈ മണിക്കൂറിലും സിനിമയെ പിന്തുണയ്ക്കുന്നു, വളരെ നല്ല കാര്യം’ ഇങ്ങനെയായിരുന്നു ശ്രീകുമാറിന്റെ ആദ്യ കമന്റ്. എന്നാല്‍ ഈ കമന്റിനെ വിമര്‍ശിച്ചുകൊണ്ടാണ് ബഹുഭൂരിപക്ഷം ആളുകളും രംഗത്തെത്തിയത്. എന്നാല്‍ വിമര്‍ശനം ഏറിയതോടെ തൊട്ടു പിന്നാലെ മയപ്പെടുത്തിയ നിലപാടുമായി അദ്ദേഹം വീണ്ടും എത്തി.

‘ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്’ ശ്രീകുമാര്‍ മേനോന്‍ കുറിച്ചു. മഞ്ജുവിനെ സംവിധായകന്‍ ട്രോളിയതാണെന്നും ഒടിയനു വേണ്ടി മഞ്ജു ചെയ്ത പ്രവര്‍ത്തികള്‍ മറക്കരുതെന്നും പറഞ്ഞാണ് ആരാധകര്‍ രംഗത്തെത്തിയത്. ഇതോടെ കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കാതെ പിന്‍വാങ്ങിയിരിക്കുകയാണ് അദ്ദേഹം.

Related posts