മിമിക്രിയിലെ രാജാവിന് ആരാധികയുടെ പ്രണാമം! അബിയെക്കുറിച്ചുള്ള അനുസ്മരണങ്ങളില്‍ ഏറ്റവും ഹൃദയസ്പര്‍ശി മഞ്ജു വാര്യരുടേതെന്ന് സോഷ്യല്‍മീഡിയ! അബിയെക്കുറിച്ചുള്ള മഞ്ജുവിന്റെ ഓര്‍മ്മകള്‍ ഇങ്ങനെ

അന്തരിച്ച നടന്‍ അബിയെ അനുസ്മരിച്ച് പ്രശസ്തരായ ഒട്ടേറെയാളുകള്‍ സോഷ്യല്‍മീഡിയ വഴിയും വിവിധ മാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയെങ്കിലും വായിക്കുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന ഒന്നായിരുന്നു, അബിയെ അനുസ്മരിച്ചുകൊണ്ടുള്ള നടി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്. കുട്ടിക്കാലത്ത് മിമിക്രി കണ്ട് ആസ്വദിക്കാന്‍ തുടങ്ങിയ കാലത്ത് മനസില്‍ പതിഞ്ഞ മുഖമാണ് അബിയുടേതെന്ന് മഞ്ജു പോസ്റ്റില്‍ പറഞ്ഞു. അബിക്കയുടേയും ദിലീപേട്ടന്റെയും നാദിര്‍ഷിക്കയുടെയും കൂട്ടായ്മയില്‍ പിറന്ന ദേ മാവേലി കൊമ്പത്തിന്റെ എല്ലാ കാസറ്റുകളും ഒന്നുപോലും വിടാതെ മനപാഠമാക്കിയിരുന്ന ആളാണ് താനെന്നും മഞ്ജു പറഞ്ഞു. അബിയുടെ മകന്‍ ഷെയ്നൊപ്പം അഭിനയിച്ച സൈറാ ഭാനു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അബി എത്തിയതിന്റെ ഓര്‍മ്മകളും മഞ്ജു പങ്കുവച്ചു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
കുട്ടിക്കാലം മുതല്‍ തന്നെ മിമിക്രി കണ്ട് ആസ്വദിക്കാന്‍ തുടങ്ങിയ കാലത്ത് മനസ്സില്‍ പതിഞ്ഞ ഒരു മുഖം. അബിക്ക. താരങ്ങളെ അനുകരിക്കുമ്പോള്‍ ഓരോ താരത്തിന്റെയും ഛായ ആ മുഖത്ത് വരുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. സ്‌കിറ്റുകളിലെ നിഷ്‌കളങ്കത നിറഞ്ഞ ഇത്തയുടെ കഥാപാത്രം അബിക്കയുടെ മുഖത്തിലൂടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല നമുക്ക്. അബിക്കയുടെയും ദിലീപേട്ടന്റെയും നാദിര്‍ഷിക്കായുടെയും കൂട്ടായ്മയില്‍ പിറന്ന ‘ദേ മാവേലി കൊമ്പത്തി’ന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാന്‍. നേരിട്ട് പരിചയപ്പെട്ടപ്പോള്‍ എന്റെ ആരാധന നേരിട്ട് അറിയിക്കാനും എനിക്ക് ഉത്സാഹമായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ട് ഇക്കയുടെ മകന്‍ ഷെയ്‌നോടൊപ്പം അഭിനയിച്ച സൈറ ബാനു വിന്റെ ലൊക്കേഷനില്‍ ഏറേ സ്‌നേഹത്തോടെ ഇക്ക ഓടിയെത്തി. എന്നും ഒരു ഫോണ്‍വിളിക്കപ്പുറത്തുണ്ടായിരുന്ന, സത്യസന്ധമായി ഉപദേശങ്ങളും അഭിപ്രായങ്ങളും പറഞ്ഞിരുന്ന അബിക്ക ഇന്ന് മുതല്‍ ഒരു ഓര്‍മയാണെന്ന് ചിന്തിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. മിമിക്രി രംഗത്തെ കിരീടം വയ്ക്കാത്ത രാജാവിന് ആദരാഞ്ജലികള്‍.

Related posts