ഗ്ലാമര്‍ താരം മരിയ ഷറപ്പോവ വിവാഹിതയാവുന്നു ! വരന്‍ ബ്രിട്ടീഷ് വ്യവസായി; ഷറപ്പോവയുടെ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ…

ലോക ടെന്നീസിലെ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്‌സാണ്ടര്‍ ജില്‍ക്‌സാണ് വരന്‍.

മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം റഷ്യന്‍ താരം പരസ്യമാക്കിയത്.

‘ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്‌സാണ്ടര്‍ ജില്‍ക്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷറപ്പോവ കുറിച്ചു. 2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടര്‍ ജില്‍ക്‌സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്.

ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്‌സാണ്ടര്‍. ബ്രിട്ടിഷ് – ബഹ്‌റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്‌സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്.

കരിയറിലുടനീളം പരിക്ക് വലച്ച ഷറപ്പോവയെ ഏറെത്തളര്‍ത്തിയത് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വിലക്കായിരുന്നു.

സെര്‍ബിയയില്‍ ജനിച്ച ഷറപ്പോവ ടെന്നിസ് താരമാവുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് പിതാവ് യൂറിക്കൊപ്പം യുഎസിലെത്തിയത്. പിന്നെ ലോകം കണ്ടത് സൗന്ദര്യവും മികവും ഒത്തു ചേര്‍ന്ന ടെന്നീസായിരുന്നു. ടെന്നീസ് കോര്‍ട്ടില്‍ ഒരു ചിത്രശലഭത്തെപ്പോലെ പാറി നടന്ന ഷറപ്പോവയ്ക്ക് ലോകമെമ്പാടും ആരാധകരുമുണ്ടായി.

ഒരു പക്ഷെ സ്റ്റെഫിഗ്രാഫ് കഴിഞ്ഞാല്‍ ഇത്രയധികം ആരാധകരെ നേടിയ ഒരു വനിതാ ടെന്നീസ് താരം ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. 2016 ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് 15 മാസത്തെ വിലക്കു നേരിട്ട ശേഷം പഴയ ഫോമിലേക്കു തിരിച്ചെത്താനായില്ല. 373-ാം റാങ്കുകാരിയായിരിക്കെയാണ് ഷറപ്പോവ കളമൊഴിഞ്ഞത്.

2004ല്‍ 17-ാം വയസ്സില്‍ വിംബിള്‍ഡന്‍ ജേതാവായതോടെയാണ് ഷറപ്പോവ ലോക ടെന്നിസിലെ ശ്രദ്ധാകേന്ദ്രമായത്. 2005ല്‍ ലോക ഒന്നാം നമ്പറായി. അടുത്ത വര്‍ഷം യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടി.

2007ലാണ് ഷറപ്പോവ തോളിലെ പരുക്കുമായുള്ള പോരാട്ടം തുടങ്ങിയത്. പരുക്കു ഭേദമാക്കിയെത്തി 2008ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി.

2012ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടനേട്ടത്തോടെ കരിയര്‍ ഗ്രാന്‍സ്ലാം തികയ്ക്കുന്ന പത്താമത്തെ വനിതാതാരമായി. ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിയും നേടി.

2016ല്‍ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ വിലക്കു നേരിട്ടെങ്കിലും പോരാട്ടവീര്യം കൈവിടാതിരുന്ന താരം 2017ല്‍ മത്സരരംഗത്തേക്കു തിരിച്ചെത്തിയെങ്കിലും ശോഭിക്കാനായില്ല. ‘ഷുഗര്‍പോവ’ എന്ന പേരിലുള്ള ഷറപ്പോവയുടെ മിഠായിക്കമ്പനി ലോകപ്രശസ്തമാണ്.

Related posts

Leave a Comment