മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു; ചിത്രം ഒരുക്കുന്നത് ഐശ്വര്യാ ധനുഷ്, തങ്കവേലുവാകുന്നത് പ്രമുഖ സംവിധായകന്‍ ?

MARRIAPPAN2016ലെ റിയോ പാരാലിമ്പിക്‌സില്‍ ഹൈജമ്പ് സ്വര്‍ണം നേടി ചരിത്രമെഴുതിയ തമിഴ്‌നാട്ടുകാരന്‍ മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു. രജനീകാന്തിന്റെ മകള്‍ ഐശ്വര്യാ ധനുഷ് ആണ് ചിത്രം ഒരുക്കുന്നത്. മാരിയപ്പന്‍ എന്നു തന്നെയാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നു. പുതുവര്‍ഷ ദിനത്തില്‍ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനാണ് പോസ്റ്ററിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് സ്വര്‍ണമെഡല്‍ കൈയ്യിലേന്തി പുറംതിരിഞ്ഞു നില്‍ക്കുന്ന മാരിയപ്പന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്.

മാരിയപ്പനായി വെള്ളിത്തിരയിലെത്തുന്നത് ആരാണെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. നിരൂപക പ്രശംസ നേടയ കുക്കൂ, ജോക്കര്‍ എന്നീ തമിഴ് ചിത്രങ്ങളുടെ സംവിധായകന്‍ രാജു മുരുഗനാണ് മാരിയപ്പനാകുന്നതെന്ന് ചില തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്ററില്‍ ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുമുണ്ടെന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നു. സംവിധായികയായി ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രമാണിത്. 2012ല്‍ ഭര്‍ത്താവ് ധനുഷ് നായകനായ 3 എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗൗതം കാര്‍ത്തികിനെ നായകനാക്കിയെടുത്ത വെയ് രാജ വെയ് ആണ് രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തില്‍ ധനുഷ് അതിഥി താരമായെത്തിയിരുന്നു. ഷോണ്‍ റോള്‍ഡനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഈ വര്‍ഷം തന്നെ തീയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related posts