ചേർത്തല: ചേര്‍ത്തല സ്വദേശി നിര്‍മിച്ച 80 മീറ്റര്‍ തുണി ഉപയോഗിച്ചുള്ള ഗൗണ്‍ വിസ്മയമായി. 25 വർഷമായി തയ്യൽ മേഖലയിൽ ജോലിചെയ്യുന്ന പി.എ. ബിനുവിന്റെ കരവിരുതാണ് വിസ്മയകരമായത്. പരസ്യ ചിത്രീകരണത്തിനായാണ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന പട്ടണക്കാട് മനക്കോടം സ്വദേശിയായ നഴ്സിനായി ബിനു ഗൗൺ തയിച്ചു നൽകിയത്.
മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണ് ഗൗൺ തുന്നിയത്. ഓസ്ട്രേലിയയിൽ നഴ്സായ പട്ടണക്കാട് സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് ഇത്രയും നീളം കൂടിയ തുണി ഉപയോഗിച്ച് ഗൗൺ തയിച്ചത്.
ഒന്നാമത്തെ ഭാഗത്ത് ആറു മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 16 പീസും രണ്ടാമത്തെ ലെയറിൽ 18 മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 45 പീസും മൂന്നാമത്തെ ലെയറിൽ 47 മീറ്റർ തുണിയിൽ 19 ഇഞ്ച് നീളത്തിൽ 94 പീസും ഉപയോഗിച്ചാണ് ഗൗൺ തുന്നിയത്.
ഫ്ലയർ 218 മീറ്ററുണ്ട്. യോക്കിനും സ്ലീവിനും കൂടി ഒമ്പതു മീറ്റർ തുണിയും ഉപയോഗിച്ചു. ജോബി ലൂയിസിന്റെ യും പി.എ. ബിനുവിന്റെയും ഉടമസ്ഥതയിൽ ചേർത്തല പാരഡൈസ് തിയറ്ററിന് സമീപമുള്ള വൈബ് ഡിസൈനിംഗ് സ്റ്റിച്ചിംഗ് സെന്ററിലാണ് ഇതിന്റെ നിര്‍മാണം. പട്ടണക്കാട് സ്വദേശിയായ ഡോ. റിന്റു വഴിയാണ് ഇവർക്ക് ഓർഡർ ലഭിച്ചത്.
മൂന്നുവർഷം മുമ്പാണ് ചേർത്തലയിൽ സ്ഥാപനം തുടങ്ങിയത്. ചേർത്തല കണ്ടമംഗലം ക്ഷേത്ര സമിതിയിലെ ഖജാൻജിയായ ബിനു തയ്യൽ തൊഴിലാളി യൂണിയൻ സിഐടിയു അരൂർ ഏരിയ സെക്രട്ടറിയുമാണ്.
സാധാരണയായി 20 മീറ്ററോളം തുണി ഉപയോഗിച്ചാണ് ഗൗൺ തയിക്കുന്നതെന്നും ആദ്യമായാണ് 80 മീറ്റർ തുണി ഉപയോഗിക്കുന്നതെന്നും ബിനു പറഞ്ഞു. ഗൗൺ ഇന്നലെ ഓസ്ട്രേലിയയി ലേക്ക് കൊണ്ടുപോകുന്നതിനായി ഉടമസ്ഥർക്കു കൈമാറി.