ലജ്ജിക്കണം, കാരണം ഇതു ചെയ്തത് മാര്‍ഷ എന്ന പൂച്ചയാണ്! അസ്ഥിമരവിക്കുന്ന തണുപ്പില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന് മാര്‍ഷ എന്ന പൂച്ച രക്ഷകനായതിങ്ങനെ

സ്വന്തം രക്തത്തില്‍ ജനിച്ച കുഞ്ഞിനെ രക്തത്തിന്റെ മണം മാറുന്നതിന് മുന്നേ അച്ഛനും അമ്മയും ഉപേക്ഷിച്ചുപോവുന്ന വാര്‍ത്ത പുതുമയുള്ളതല്ല. സംസ്‌കാരത്തിന്റെയും വിദ്ാഭ്യാസത്തിന്റെയും കാര്യത്തില്‍ ഏറെ മുന്നിലെന്നവകാശപ്പെടുന്ന കേരളത്തില്‍ പോലും ഇത് സ്ഥിരം സംഭവമാണ്. ഇത്തരം സംഭവങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നതുകൊണ്ടുകൂടിയാവാം ഇന്നത്തെ കാലത്ത് മനുഷ്യരേക്കാള്‍ ഭേദം മൃഗങ്ങളാണെന്ന രീതിയില്‍ ആളുകള്‍ പലപ്പോഴും സംസാരിക്കാറുണ്ട്. റഷ്യയില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തയും ഇത്തരത്തിലുള്ളതാണ്. റഷ്യയിലെ അസ്ഥിനുറുങ്ങുന്ന സീറോ ഡിഗ്രി തണുപ്പില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയ അനാഥകുഞ്ഞിനെ മാര്‍ഷ എന്ന പെണ്‍പൂച്ച മരണത്തില്‍ നിന്നും രക്ഷിച്ച വാര്‍ത്തയാണത്.

കുഞ്ഞിന് കാവലിരുന്ന് മുഖത്തെ മഞ്ഞുതള്ളികള്‍ നക്കിത്തുടച്ചും ചേര്‍ന്ന് കിടന്ന് ചൂടുപകര്‍ന്നു നല്‍കിയുമാണ് മനുഷ്യരില്‍ പോലും കാണാത്ത സ്നേഹവായ്‌പ്പോടെ മണിക്കൂറുകളോളം കാവലിരുന്ന് മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ മാര്‍ഷ പരിചരിച്ചത്. പൂച്ചയുടെ അസാധാരണമായ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് പൂച്ചയെയും സമീപത്ത് തണുത്ത് വിറങ്ങലിച്ച പൊടിക്കുഞ്ഞിനെയും കണ്ടെത്തിയത്. അവര്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ച് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞ് ഇപ്പോള്‍ ആരോഗ്യവാനായിരിക്കുന്നുവെന്നും കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുന്നുവെന്നും പോലീസും പറഞ്ഞു. കുഞ്ഞിനെ രക്ഷിച്ച മാര്‍ഷയാണ് ഇപ്പോള്‍ റഷ്യയിലെയെന്നല്ല ലോകത്തിലെ തന്നെ താരം.

 

Related posts