മസാല ബോണ്ട് തോമസ് ഐസക്കിന്റെ ‘ബ്രെയിന്‍ ചൈല്‍ഡ്’ ! ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും എതിര്‍ത്തിട്ടും മുഖ്യമന്ത്രി മസാല ബോണ്ടിറക്കാന്‍ അനുമതി കൊടുത്തത് ‘മഹാബുദ്ധിമാനായ’ ധനമന്ത്രിയുടെ വാക്കുകേട്ട്…

സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന മസാലബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിര്‍ത്തതായി രേഖകള്‍.

ഉയര്‍ന്ന പലിശ നിരക്കില്‍ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിലാണ് ഇരുവരും എതിര്‍ത്തത്.

2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 34-ാം ജനറല്‍ ബോഡിയിലാണു 14-ാം അജന്‍ഡയായി മസാല ബോണ്ട് ചര്‍ച്ചയ്ക്കെത്തിയത്.

ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം ബോര്‍ഡിന്റെ അനുമതി തേടുകയായിരുന്നു.

ഇതിന് പിന്നില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ കൈകളായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം എതിര്‍ത്തത്.

രാജ്യത്തിനകത്തു കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്ക് ബോണ്ടിനു ശ്രമിക്കണമെന്ന് നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ ധനസെക്രട്ടറി മനോജ് ജോഷി ചോദിച്ചു.

പിന്നാലെ ചീഫ് സെക്രട്ടറി ടോം ജോസും ഇടപെട്ടു. പൊതുവേ വിദേശ വിപണിയില്‍ പലിശനിരക്കു കുറഞ്ഞു നില്‍ക്കുമ്പോള്‍ എന്തു കൊണ്ടാണു മസാല ബോണ്ടിന്റെ പലിശ ഇത്രമാത്രം ഉയര്‍ന്നു നില്‍ക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു.

നാണയ വിനിമയ നിരക്കുകളുടെ ഡേറ്റ പരിശോധിച്ചാല്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുമോ എന്നു കണ്ടെത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ബോര്‍ഡ് അംഗങ്ങളായ പ്രഫ. സുശീല്‍ ഖന്ന, ജെ.എന്‍. ഗുപ്ത, സലിം ഗംഗാധരന്‍, ആര്‍.കെ. നായര്‍ എന്നിവര്‍ മസാല ബോണ്ടിനെ അനുകൂലിക്കുകയും ഇതിനുള്ള നടപടിയുമായി മുന്നോട്ടു പോകണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.

തുടര്‍ന്നു ചര്‍ച്ച ഉപസംഹരിച്ചു മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു: ‘പലിശ നിരക്കു കൂടിയാലും രാജ്യാന്തര വിപണിയില്‍ പ്രവേശിക്കാനുള്ള ഈ അവസരം ഉപയോഗിക്കണം.

ഈ ചുവടുവയ്പ് ദീര്‍ഘകാലത്തേക്കു ഗുണം ചെയ്യും’. ഇതു കേട്ട മുഖ്യമന്ത്രിയാകട്ടെ നിശബ്ദനായി ഇരുന്നതേയുള്ളൂ.

വിപണിയില്‍ സാഹചര്യം അനുകൂലമാകുമ്പോള്‍ ബോണ്ടിറക്കണമെന്നും യുഎസ് ഡോളര്‍ ബോണ്ടുകളില്‍ കുറഞ്ഞ പലിശയ്ക്കു പണം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ജെ.എന്‍. ഗുപ്ത ചൂണ്ടിക്കാട്ടി.

ആഭ്യന്തര വിപണിയില്‍ കോര്‍പറേറ്റുകളുടെ കടുത്ത മത്സരമായതിനാല്‍ രാജ്യാന്തര വിപണിയില്‍ നിന്നു പണം സ്വരൂപിക്കുന്നതാണ് ഉചിതമെന്നായിരുന്നു സലിം ഗംഗാധരന്റെ നിര്‍ദ്ദേശം.

എത്രയും വേഗം രാജ്യാന്തര വിപണിയില്‍ മസാല ബോണ്ടിറക്കി പണം സ്വരൂപിക്കണമെന്നും ഇതു കിഫ്ബിയുടെ മികവിന്റെ അളവുകോലാകുമെന്നും ആര്‍.കെ.നായര്‍ പറഞ്ഞു.

ആഭ്യന്തര വിപണിയില്‍ ബോണ്ടിറക്കാന്‍ ശ്രമിച്ചപ്പോള്‍ 10.15% ആയിരുന്നു പലിശയെന്നും കിഫ്ബിക്കു സമാനമായി ആന്ധ്രപ്രദേശ് ക്യാപിറ്റല്‍ ഡവലപ്മെന്റ് അഥോറിറ്റി 10.72% പലിശയ്ക്കാണു ബോണ്ടിറക്കിയതെന്നും കിഫ്ബി സിഇഒ യോഗത്തില്‍ വിശദീകരിച്ചു.

ബാങ്കില്‍ നിന്നും മറ്റും പരമാവധി 1000 കോടി രൂപയാണു വായ്പ ലഭിച്ചിരുന്നതെന്നും അതിനാലാണ് ഉയര്‍ന്ന പലിശയ്ക്കാണെങ്കിലും 2150 കോടിയിലേറെ രൂപ മസാല ബോണ്ട് വഴി സമാഹരിച്ചതെന്നുമാണു സര്‍ക്കാര്‍ വിശദീകരണം.

ഇപ്പോള്‍ ധനമന്ത്രിയ്‌ക്കെതിരേ ആരോപണം ശക്തമായതോടെയാണ് മസാലബോണ്ട് വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

Related posts

Leave a Comment