തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ മാസപ്പടി വാങ്ങിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ.
കരിമണൽ കന്പനിയിൽനിന്നു വീണ പണം കൈപ്പറ്റിയ സംഭവത്തിൽ വീണയുടെ ഇടപാടുകൾ സുതാര്യമാണ്. വീണയുടെ കന്പനി ഇനിയും സേവനം കൊടുക്കുകയും അതിനനുസരിച്ചുള്ള വേതനം വാങ്ങുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ പ്രതിപക്ഷം എന്തുകൊണ്ട ് നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ട ് വന്നില്ല. മുഖ്യമന്ത്രിയുടെ മറുപടിയെ പ്രതിപക്ഷം ഭയപ്പെടുന്നു എന്നതാണ് കാരണം.
രണ്ട് കന്പനികൾ തമ്മിലുള്ള ഇടപാടുകൾ നിയമവിരുദ്ധമല്ല. ജുഡീഷൽ അന്വേഷണം വേണോയെന്ന ആവശ്യം ഇപ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ബാലൻ പറഞ്ഞു.
വീണ വിജയനെതിരായ മാസപ്പടി വിവാദത്തിന് പിന്നില്‍ പ്രത്യേക അജന്‍ഡയുണ്ട്. പിണറായിക്ക് പണം നല്‍കിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോ. ആദായനികുതി വകുപ്പ് വീണയോട് കാര്യങ്ങള്‍ ചോദിച്ചോ.- എ.കെ.ബാലൻ ചോദിച്ചു.
മാസപ്പടി വിവാദം കോണ്‍ഗ്രസിന് തിരിച്ചടിയാകും. കോണ്‍ഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാണ്. വിവാദത്തെ പരമപുച്ഛത്തോടെയാണ് സമൂഹം കാണുന്നത്.
ദിവസവും ഓരോ വിവാദം ഉണ്ടാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ബാലൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മുന്‍പ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിനെതിരേ ആരോപണം ഉയർന്നപ്പോൾ നേതാക്കളുടെ മക്കൾക്കെതിരേ ഉയരുന്ന ആരോപണങ്ങൾക്ക് മക്കൾതന്നെ മറുപടി പറയണമെന്നും പാർട്ടിയും നേതാക്കളും അതിൽ അഭിപ്രായം പറയേണ്ടതില്ലെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരേ ഉയർന്ന മാസപ്പടി വിവാദത്തിൽ ന്യായീകരണവുമായി എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും എ.കെ. ബാലനും രംഗത്ത് വന്നത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
‘