മട്ടന്നൂർ: പഴശിരാജ എൻഎസ്എസ് കോളജിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസ് അടച്ചുപൂട്ടാൻ നീക്കം. കോളജ് പോസ്റ്റോഫിസ് മട്ടന്നൂർ സെക്ഷനിൽ ലയിപ്പിക്കാനാണ് തീരുമാനം. ഇവിടത്തെ ജീവനക്കാരിയോട് മറ്റ് പോസ്റ്റ് ഓഫിസുകളിലേക്ക് ഓപ്ഷൻ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കൂത്തുപറമ്പ് പോസ്റ്റോഫിസ് ഇൻസ്പെക്ടറാണ് ഇതുസംബന്ധിച്ച സർക്കുലർ ഇറക്കിയത്. 60 വർഷമായി മട്ടന്നൂർ കോളജിൽ പ്രവർത്തിക്കുന്ന പോസ്റ്റോഫിസ് നിർത്തലാക്കുന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
അർബൻ ഏരിയയിൽ പ്രവർത്തിക്കുന്നുവെന്ന കാരണം പറഞ്ഞാണ് മട്ടന്നൂർ കോളജ് പോസ്റ്റോഫിസ് അടച്ചുപൂട്ടാൻ തപാൽ വകുപ്പ് തീരുമാനിച്ചതെന്നാണ് വിവരം. എന്നാൽ, മട്ടന്നൂർ നഗരസഭാ അതിർത്തിയിലുള്ള പോസ്റ്റോഫിസ് വെള്ളിയാംപറമ്പ് മുതലുള്ള മേഖലയിൽ ജനങ്ങൾക്ക് മട്ടന്നൂർ നഗരത്തിലേക്ക് പോകാതെതന്നെ തപാൽ സേവനങ്ങൾ ലഭ്യമാകാൻ സഹായകമായിരുന്നു. ജനസംഖ്യാനുപാതം വെച്ചുനോക്കിയാലും പോസ്റ്റ് ഓഫിസ് എടുത്തുകളയേണ്ട സാഹചര്യം വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വിദ്യാർഥികൾക്ക് പോസ്റ്റൽ സേവനങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ച് തപാൽ സർവീസ് മുന്നോട്ടുപോകുമ്പോഴാണ് കാമ്പസിൽ പ്രവർത്തിക്കുന്ന പോസ്റ്റോഫിസ് പൂട്ടുന്നത്. ജീവനക്കാരെ കുറയ്ക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലെന്ന് തപാൽ മേഖലയിലുള്ളവർ പറയുന്നത്. പോസ്റ്റോഫിസ് അടച്ചുപൂട്ടാനുള്ള നീക്കം പുന:പരിശോധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും കെഎസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പറഞ്ഞു.
