ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാർക്ക് ക്ഷേത്രത്തിലെ പ്രസാദമായ ഉണ്ണിയപ്പവും അരവണയും വാങ്ങുന്നതിന് ഇനി കൂടുതൽ സൗകര്യം. അരവണ വെൻഡിംഗ് മെഷീനിൽനിന്ന് യുപിഐ പേമെന്റ് നടത്തി നേരിട്ട് ഒരേ സമയം അഞ്ചു ടിൻ അരവണ മെഷീനിൽ നിന്ന് വാങ്ങാം. മാളികപ്പുറത്തിന് സമീപമാണ് വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്.
അന്നദാന മണ്ഡപത്തിലും മാളികപ്പുറം ക്ഷേത്രത്തിലേക്കുള്ള വഴിയിലും സ്ഥാപിച്ചിരിക്കുന്ന കിയോസ്കുകൾ വഴി ഭക്തർക്ക് അപ്പം, അരവണ എന്നിവ യുപിഐ പേയ്മെന്റ് നടത്തിയശേഷം ആ രസീത് നിർദിഷ്ട കൗണ്ടറുകളിൽ കാണിച്ച് അരവണയും അപ്പവും വാങ്ങാം. പ്രസാദ കൗണ്ടറിനു മുന്നിലെ തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനം സഹായിക്കും.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെയാണ് വെൻഡിംഗ് മെഷീനുകൾ. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വെൻഡിംഗ് മെഷീനുകളുടെയും കിയോസ്കുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. പുതിയ കാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിലൂടെ ഭക്തർക്ക് സൗകര്യങ്ങളും തടസരഹിതമായ ദർശനവും ഒരുക്കാൻ ബോർഡ് എക്കാലവും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
അന്നദാന മണ്ഡപത്തിൽ കേരളീയസദ്യ
ശബരിമല തീർഥാടകർക്ക് രുചികരമായ കേരളീയസദ്യ നൽകുന്നത് ചൊവ്വാഴ്ച മുതൽ തുടങ്ങി. മികച്ച പ്രഭാതഭക്ഷണവും നൽകുന്നുണ്ട്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ പുതിയ മെനുവും പുതിയ സമീപനവുമായാണ് ഈ തീർഥാടന കാലം തുടങ്ങുന്നത്. മെനു കൃത്യമായി രേഖപ്പെടുത്തുന്നതിന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രത്യേക നിർദേശം നൽകി.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പുതിയ മെനുവുവാണ് ഇത്തവണ അന്നദാനത്തിന് നൽകുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ സാന്നിധ്യത്തിലാണ് അന്നദാനത്തിന് തുടക്കമായത്. അയ്യപ്പസ്വാമിയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി വിഭവങ്ങൾ പ്രത്യേകം നിവേദിച്ചുകൊണ്ടാണ് ഈ വർഷത്തെ അന്നദാനത്തിന് തുടക്കം കുറിച്ചത്.
പ്രഭാതഭക്ഷണമായി ഇഡലിയോ ദോശയോ ഉൾപ്പെടെയുള്ള വിഭവങ്ങളും ഉച്ചയ്ക്ക് പായസമടങ്ങുന്ന കേരളീയസദ്യയും രാത്രിയിൽ കഞ്ഞിയും പയറും അച്ചാറും പപ്പടവുമാണ് ഇത്തവണത്തെ പ്രത്യേകത. എല്ലാ ദിവസവും ഏതെങ്കിലും ഒരു മധുരപലഹാരം നിർബന്ധമായും ഉണ്ടാകും.
അന്നദാന മണ്ഡപത്തിൽ സിസിടിവി സ്ഥാപിച്ചു
ശബരിമല തീർഥാടകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് ദേവസ്വം ബോർഡ്. അന്നദാനമണ്ഡപത്തിൽ സിസിടിവി സ്ഥാപിക്കാൻ രാവിലെ മന്ത്രിയുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ ദേവസ്വംബോർഡ് പ്രസിഡന്റ് നിർദേശിച്ചിരുന്നു. സിസിടിവി സ്ഥാപിക്കാനുള്ള നടപടികൾ അടിയന്തരമായി നിർവഹിക്കുകയായിരുന്നു. ഭക്തരുടെ സുരക്ഷ, ഭക്ഷണത്തിലെ ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. കിച്ചൺ, മെസ് ഹാൾ, സ്റ്റാൾ, കോറിഡോർ എന്നിവിടങ്ങളിലായി 12 സിസിടിവികളാണ് വയ്ക്കുന്നത്. ദേവസ്വം വിജിലൻസും ദേവസ്വം ഉദ്യോഗസ്ഥരും ഇത് പരിശോധിക്കും. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ ഒരുസമയം 5000 പേർക്ക് ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണം നിലവിൽ ഒരുക്കിയിട്ടുണ്ട്.
