സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലും ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.
തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ചൊവ്വാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.
17 വരെ കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലവർഷം നേരത്തെയെത്തും
സംസ്ഥാനത്ത് 27ന് കാലവർഷം തുടങ്ങാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ മാസം 15ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷം എത്തുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
ആൻഡമാനിൽ കാലവർഷം എത്തിയാൽ ഒരാഴ്ചയ്ക്കുള്ളിൽ കേരളത്തിലെത്തും. സാധാരണ, ആൻഡമാനിൽ മേയ് 22നും കേരളത്തിൽ ജൂൺ ഒന്നിനുമാണു കാലവർഷം എത്താറുള്ളത്.