ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാഭ്യാസ രംഗത്തും ശാസ്ത്രരംഗത്തും വിലപ്പെട്ട സമ്മാനങ്ങൾ നൽകിയ സ്വാതി തിരുനാൾ രാജാവിന്റെ താൽപ്പര്യപ്രകാരം നിർമിച്ച വാനനിരീക്ഷണ നിലയം.
തിരുവനന്തപുരത്ത് വാനനിരീക്ഷണനിലയം സ്ഥാപിച്ച രാജാവ് ആലപ്പുഴനിന്നും കാൽഡിക്കാട്ട് എന്ന സായിപ്പിനെ അതിന്റെ മേധാവിയാക്കി. 1837 ൽ ജൂലൈയിൽ അങ്ങനെ തിരുവനന്തപുരം ഒബ്സർവേറ്ററി പ്രവർത്തനം തുടങ്ങി. കാൽഡിക്കാട്ടിനുശേഷം വന്ന വാനനിരീക്ഷകനാണ് ജോൺ അലൻ ബ്രൗൺ. സ്വാതിതിരുനാൾ രാജാവിന്റെ പ്രത്യേക നിർദ്ദേശാനുസരണമാണ് സ്ക്കോട്ട് ലാൻഡിലെ മേക്കർസ്റ്റൂൺ ഒബ്സർവേറ്ററിയുടെ മോധാവിയായിരുന്ന ജോൺ അലൻ ബ്രൗൺ തിരുവിതാംകൂറിൽ എത്തുന്നത്.
രാജാവിന്റെ നിശ്ചയദാർഡ്യത്തിന്റെയും ജോൺ അലൻ ബ്രൗണിന്റെ 17 വർഷക്കാലത്തെ സേവനത്തിന്റെയും പ്രതീകമാണ് അഗസ്ത്യ ഒബ്സർവേറ്റി. പല ഉയരങ്ങളിലും അക്ഷാംശങ്ങളിലും നിരീക്ഷണസൗകര്യങ്ങൾ വേണമെന്ന ചിന്താഗതിക്കാരനായ അലൻബ്രൗണിനുമുന്നിൽ ശ്രദ്ധയിൽപ്പെട്ടത് കരിങ്കോട്ടപോലെ കിടക്കുന്ന പശ്ചിമഘട്ടത്തിലെ അഗസ്ത്യമല.
അഗസ്ത്യകൂടത്തിന്റെ നെറുകയിൽനിന്ന് 164 വർഷം മുൻപ് താൻ കണ്ട ദൃശ്യത്തെ അദ്ദേഹം ഇങ്ങിനെ കുറിക്കുന്നു- ഇവിടെ നിന്നാൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കേഭാഗം മുഴുവനും കാണാം. കന്യാകുമാരി മുതൽ കൊച്ചി വരെയുള്ള തിരുവിതാംകൂർ പ്രദേശവും തെളിമയുണ്ടെങ്കിൽ പഴയ സിലോൺ പോലും കാണാം.
മൂന്ന് കടലുകളും ചേരുന്ന മുനമ്പും ഭൂമുഖത്തെ പഴക്കമേറിയതും നിത്യഹരിതവനവുമായ അഗസ്ത്യമല താണ്ടി അവിടെ നിന്നും വീശിയടിക്കുന്ന കാറ്റും അലൺബ്രൗണിനു മുമ്പിൽ കാലാവസ്ഥ നിരീക്ഷണത്തിനായി അപാരസാധ്യതകൾ തുറന്നിട്ടു. സമുദ്രനിരപ്പിൽനിന്ന് 6400 അടി ഉയരമുള്ള അഗസ്ത്യമുടിയിൽ വാനനിരീക്ഷണനിലയം സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞ കൊട്ടാരത്തിലുള്ളവർ എതിർത്തു. അഗസ്ത്യമുനിയുടെ ശാപം കിട്ടുമെന്ന് വരെ പറഞ്ഞു. എന്നാൽ അതൊക്കെ തള്ളികളഞ്ഞ് രാജാവ് നിലയം സ്ഥാപിക്കാൻ ഉത്തരവിട്ടു.
അങ്ങിനെ 1855 ജൂണിൽ അലൻ ബ്രൗൺ നിലയം സ്ഥാപിച്ചു. വനത്തിലെ അട്ടയാർ എന്ന കാണിക്കുടിലിൽ വച്ച് തടികൊണ്ടു ഇരുനിലകെട്ടിടം ഉണ്ടാക്കി അത് പൊളിച്ചടുക്കി തലചുമടായി കൊണ്ട് ചെന്നാണ് നിലയം സ്ഥാപിച്ചത്. അതിനായി കാണികുടിലിൽ ബ്രൗൺ ദിവസങ്ങളോളം താമസിച്ചിരുന്നു. പരിശീലനം നൽകിയ ഒരു ജീവനക്കാരനെയും അവിടെ നിയമിച്ചിരുന്നു ഒരു കാണിക്കാരനെയും ഇവിടെ കാവലിനായി ഏർപ്പാടാക്കി.
1855 മുതൽ 1858 ജൂൺ വരെ രാവിലെ 6 മുതൽ രാത്രി പത്തുവരെ ഒരോ മണിക്കൂറും ഇടവിട്ടു കാലാവസ്ഥനിരീക്ഷണങ്ങൾ നടത്തി അത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് രണ്ട് മണിക്കൂർ ഇടവിട്ടായി നിരീക്ഷണം. രണ്ടിടത്തും ഒരു സമയത്ത് നിരീക്ഷണങ്ങൾ നടത്താൻ തിരുവനന്തപുരത്തെ ഒബ്സർവേറ്ററി കുന്നിൽനിന്ന് വലിയൊരു കണ്ണാടിയിൽ സൂര്യവെട്ടം പ്രതിഫലിപ്പിച്ച് മിന്നൽ പിണരുകളായി അഗസ്ത്യ ഒബ്സർവേറ്ററിയിൽ അയച്ചാണ് നിരീക്ഷണസമയം അറിയിച്ചിരുന്നത്. ഈ രണ്ടിടത്തേയും നീരീക്ഷണങ്ങൾ താരതമ്യം ചെയ്ത് പിശകുപറ്റാത്ത നിഗമനങ്ങളിലെത്താൻ ഈ സംവിധാനം സഹായിച്ചിരുന്നു.
രണ്ടു നിലയങ്ങളിൽനിന്നും ദിനവും ആയിരത്തിലേറെ നിരീക്ഷണങ്ങൾ നടത്തുകയും അത് ക്രോഡീകരിച്ച് ഗവ.പ്രസിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ഈ നിരീക്ഷണങ്ങൾ തിരുവിതാംകൂറിലെ കാലാവസ്ഥ നിരീക്ഷണ മഹിമയപ്പറ്റിയുള്ള പൊലിമ ലോകമെമ്പാടും പരന്നു. ഇതിൽ സന്തോഷവനായ രാജാവ് നിരവധി സമ്മാനങ്ങൾ നൽകിയതായും ഈ നിരീക്ഷണങ്ങൾ കാണാൻ രാജാവ് ഈ കുന്നിൽ എത്തിയിരുന്നതായും രേഖകളിൽ പറയുന്നു.
അഗസ്ത്യമലയിൽ എത്താൻ ജോൺ അലൻ ബ്രൗൺ വനത്തിൽ പാതവെട്ടി. നദിയ്ക്ക് മുകളിൽ പാലവും പണിതു. കുതിരപ്പുറത്താണ് എത്തിയിരുന്നത്.അലൻ ബ്രൗൺ 1869 ൽ തന്റെ നാട്ടിലേയ്ക്ക് പോയതേടെ അഗസ്ത്യഒബ്സർവേറ്ററി വിശകലനം ആരും നടത്തിയില്ല. മഴക്കാറ്റേറ്റ് നിലയം നിലംപൊത്തി. അങ്ങിനെ സ്വാതിതിരുനാളിന്റെ പരിലാളനയേറ്റ് സ്ഥാപിച്ച അഗസ്ത്യഒബ്സർവേറ്ററി ഓർമയിൽ ഒതുങ്ങി. ജോൺ അലൻ ബ്രൗൺ വന്നാൽ താമസിക്കുന്ന പഴയൊരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെ കാണാമായിരുന്നു. പക്ഷേ കാട്ടുകള്ളന്മാരും വേട്ടക്കാരും പഴമയാർന്ന മന്ദിരത്തെ നശിപ്പിച്ചു.
കോട്ടൂർ സുനിൽ