അടിപൊളി ജീവിതം തുടങ്ങിയത് സ്വന്തം വൃക്ക വിറ്റുകിട്ടിയ പണംകൊണ്ട് ! പിന്നെ വൃക്ക തട്ടിപ്പ് സ്ഥിര ജോലിയാക്കിയതോടെ സമ്പാദിച്ചത് കോടികള്‍; കഴിഞ്ഞ ദിവസം പിടിയിലായ 25കാരന്റെ കഥകേട്ട് കണ്ണുതള്ളി പോലീസുകാര്‍…

വൃക്ക നല്‍കാമെന്നു പറഞ്ഞ് നിരവധി പേരെ തട്ടിപ്പിനിരയാക്കി കോടികള്‍ സമ്പാദിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഗുണ്ടൂര്‍ സ്വദേശി ഡി. ശണ്‍മുഖ പവന്‍ ശ്രീനിവാസിനെ(25)യാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ പരാതിയില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൃക്കതട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മദ്യപാനവും കാസിനോയിലെ ചൂതാട്ടവുമായിരുന്നു എംബിഎ ബിരുദധാരിയായ ഇയാളുടെ ഇഷ്ടവിനോദങ്ങള്‍. ഇതിന് പണം കണ്ടെത്താനായാണ് വിമാനക്കമ്പനിയില്‍ മെയിന്റനന്‍സ് എഞ്ചിനീയറായിരുന്ന ഇയാള്‍ വൃക്ക തട്ടിപ്പുമായി ഇറങ്ങിയത്.

വൃക്കദാതാക്കളെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ രോഗികളില്‍നിന്നും പണം തട്ടിയിരുന്നത്. ഭര്‍ത്താവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയില്‍നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു.

എന്നാല്‍ പിന്നീട് യുവാവിനെ സംബന്ധിച്ച് ഇവര്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ല. 34 ലക്ഷം രൂപയാണ് വൃക്കദാതാവിന് നല്‍കാന്‍ എന്ന വ്യാജേന ഇവരില്‍ നിന്നും വാങ്ങിയത്.

കബളിപ്പിക്കപ്പെട്ടു എന്ന് ബോധ്യായതോടെ ഇവര്‍ പൊലീസിനെ സമീപിച്ചു. ഇവര്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ഇതോടെ വന്‍ തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു.

എംബിഎ ബിരുദധാരിയായ ശ്രീനിവാസ് നേരത്തെ തന്റെ വൃക്ക വിറ്റിരുന്നു. ഇതില്‍നിന്ന് ലഭിച്ച പണം ഓഹരി വിപണിയില്‍ നിക്ഷേപിച്ചു. എന്നാല്‍ അടുത്തിടെ ഓഹരിവിപണിയില്‍നിന്ന് വന്‍ നഷ്ടം നേരിട്ടതോടെയാണ് തട്ടിപ്പുമായി രംഗത്തിറങ്ങിയത്.

ഏകദേശം മുപ്പത് പേരില്‍നിന്ന് ഇയാള്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതില്‍ ഏഴ് പേര്‍ക്ക് ദാതാക്കളെ സംഘടിപ്പിച്ച് നല്‍കി. ബാക്കിയുള്ളവരില്‍നിന്ന് പണം വാങ്ങിയ ശേഷം മുങ്ങി.

തുര്‍ക്കിയില്‍നിന്നും ശ്രീലങ്കയില്‍നിന്നും ദാതാക്കളെ എത്തിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 30 ലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് ഒരാളില്‍നിന്ന് ഈടാക്കിയിരുന്നത്.

തട്ടിപ്പിലൂടെ കൈവരുന്ന പണം ആഢംബര ജീവിതത്തിനുപയോഗിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. ശ്രീലങ്കയിലെ കാസിനോകളിലെ സ്ഥിരംസന്ദര്‍ശകനായ ഇയാള്‍ ലക്ഷങ്ങളാണ് അവിടെ ചെലവഴിച്ചിരുന്നത്.

ഇയാള്‍ക്കെതിരേ നേരത്തെ മൂന്ന് കേസുകളുണ്ടെന്നും അനധികൃതമായി താമസിച്ചതിന് ശ്രീലങ്കയില്‍ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അനധികൃതമായി താമസിച്ചതിന്റെ പേരില്‍ പവന്‍ ശ്രീനിവാസിനെ രണ്ടര വര്‍ഷത്തോളം ശ്രീലങ്കയില്‍ തടവിലാക്കിയതായും 2018 ഏപ്രിലില്‍ ഇന്ത്യയിലേക്ക് നാടുകടത്തിയതായും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment