തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി! മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവിനും എതിരേ വിജിലന്‍സ് അന്വേഷണം

mercykutty-ammaതിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നെന്ന പരാതിയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരേ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസാണ് ഉത്തരവിട്ടത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവ് തുളസീധരക്കുറുപ്പിനുമെതിരേയാണ് അന്വേഷണത്തിന് ഉത്തരവ്. തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ 10.34 കോടി രൂപയുടെ അഴിമതി നടന്നെന്ന ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി പി. റഹിമിന്റെ പരാതിയിലാണ് അന്വേഷണം.

റഹിമില്‍ നിന്ന് വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഇന്നലെ മൊഴി രേഖപ്പെടുത്തി. കോര്‍പറേഷനു വേണ്ടി കശുവണ്ടി വാങ്ങാന്‍ ടെന്‍ഡറില്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്തവരെ ഒഴിവാക്കി കൂടുതല്‍ തുക ക്വോട്ട് ചെയ്തവര്‍ക്കു നല്‍കിയതിലൂടെ 10.34 കോടി രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. മന്ത്രിയുടെ ചേംബറില്‍ കരാറുകാരുമായി ഗൂഢാലോചന നടത്തി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പരാതിക്കാരന്റേത്.

മേഴ്‌സിക്കുട്ടിയമ്മ, മന്ത്രിയുടെ ഭര്‍ത്താവും കാപ്പക്‌സ് മുന്‍ ചെയര്‍മാനുമായ തുളസീധരക്കുറുപ്പ് എന്നിവര്‍ക്കെതിരേയും ഇന്‍ഡാസ്, ഒലാം, വിനായക എന്നീ കമ്പനികള്‍ക്കെതിരേയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഇറക്കുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്നു കാട്ടി റഹിം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണു വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എംഎല്‍എ നേരത്തേ ഈ വിഷയത്തില്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് ആദ്യമായാണ്.

Related posts