വെറുതെയാണോ അര്‍ജന്റീനയെ നിര്‍ഭാഗ്യം വേട്ടയാടിയത്! പെനല്‍റ്റി പോലും പാഴാക്കി മെസിയും കൂട്ടരും ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങിയതിന്റെ കാരണം ഈ ചിത്രങ്ങള്‍ പറയുമെന്ന് സോഷ്യല്‍മീഡിയ

ലോകകപ്പില്‍ പെനല്‍റ്റി പോലും ഗോളാക്കാന്‍ കഴിയാതെ മെസിയും കൂട്ടരും ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങിയത് അര്‍ജന്റീന ആരാധകരെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. അര്‍ജന്റീന വിരോധികള്‍ പലരും മെസിയ്ക്കും കൂട്ടര്‍ക്കുമെതിരെ ട്രോളുകളുമായും ആരാധകര്‍ ന്യായീകരണ പ്രസ്താവനകളുമായും മത്സരത്തിനുശേഷം സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തി. എന്നാല്‍ അക്കൂട്ടത്തില്‍ പ്രചരിച്ച ഒരു ചിത്രം കണ്ട് ആളുകള്‍ പറയുകയാണ് വെറുതെയാണോ അര്‍ജന്റീനയെ നിര്‍ഭാഗ്യം വേട്ടയാടിയതെന്ന്.

ക്ഷേത്രങ്ങളില്‍ അര്‍ജന്റീന തോല്‍ക്കാന്‍ വേണ്ടി പുഷ്പാഞ്ജലി വഴിപാട് നേര്‍ന്നതിന്റെ ചീട്ടുകളാണ് പോസ്റ്റില്‍. അതും ഒന്നും രണ്ടുമല്ല, നിരവധി പുഷ്പാഞ്ജലികളാണ് ചില അര്‍ജന്റീന വിരുദ്ധര്‍ നേര്‍ന്നിരിക്കുന്നത്. ചാലക്കോട് പയ്യന്നൂര്‍ കോറോം വരരുചി മംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നതിന്റെ ചീട്ടുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

സംഗതി സത്യമാണോ അതോ ഏതെങ്കിലും ഫോട്ടോഷോപ്പ് വിരുതന്മാര്‍ ചെയ്തതാണോ എന്നു വ്യക്തമല്ല. വേറെ അമ്പലങ്ങളിലും ഇത്തരം വഴിപാടുകള്‍ നേര്‍ന്നിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. സംഗതി സത്യമാണെങ്കിലും അല്ലെങ്കിലും മെസിയ്ക്കും അര്‍ജന്റീനയ്ക്കും അത്ര നല്ലതായിരുന്നില്ല, കഴിഞ്ഞ മത്സരം എന്നത് വ്യക്തം.

Related posts