പോപ്പ് ഇതിഹാസതാരം മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന മൈക്കൽ എന്ന ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തത് വലിയ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെയും കിംഗ് ഓഫ് പോപ്പിന്റെ പാരമ്പര്യത്തെയും ആഘോഷമാക്കാൻ നിരവധി ഇന്ത്യൻ താരങ്ങളുമാണ് മുന്നോട്ടുവന്നത്.
ബോളിവുഡ് നടൻ അനുപം ഖേർ, 1996-ൽ മൈക്കൽ ജാക്സൺ ഇന്ത്യ സന്ദർശിച്ചപ്പോൾ എടുത്ത ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് തന്റെ ഓർമ്മകൾ അയവിറക്കിയതും ആരാധകരെ ഏറെ സന്തോഷഭരിതരാക്കി. മുംബൈയിൽ വെച്ച് അദ്ദേഹത്തിന് കൈകൊടുത്ത നിമിഷം ഒരു വികാരം പോലെ ഇന്നും മനസ്സിലുണ്ടെന്നും, വരും തലമുറകളിൽ അദ്ദേഹത്തിന് പകരക്കാരൻ ഉണ്ടാവില്ലെന്നും അനുപം ഖേർ കുറിച്ചു. മൈക്കൽ ജാക്സൺ ലോകത്തിന് ലഭിച്ച അത്ഭുതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടൻ അല്ലു അർജുൻ ഹൈദരാബാദിലെ ഒരു തിയേറ്ററിൽ ആരാധകർക്കൊപ്പം മൈക്കൽ ചിത്രം കണ്ടതും ആരാധക സമൂഹത്തിന് ഇരട്ടി സന്തോഷം നല്കി. ആന്റണി ഫുക്വ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മൈക്കൽ ജാക്സന്റെ സഹോദരപുത്രൻ ജാഫർ ജാക്സണാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കോൾമാൻ ഡൊമിംഗോ, നിയ ലോംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജാക്സൺ 5 മുതലുള്ള മൈക്കലിന്റെ ആദ്യകാല ജീവിതവും 1988-ലെ ബാഡ് ടൂറിന്റെ തുടക്കം വരെയുള്ള അദ്ദേഹത്തിന്റെ സംഗീത യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം.
