ആട് 2 വിന്റെ ട്രോള്‍ മത്സരത്തിന് എന്തുപറ്റി? ക്ഷമനശിച്ച ട്രോളന്മാര്‍ തന്നെയും ട്രോളിത്തുടങ്ങിയപ്പോള്‍ വിശദീകരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് രംഗത്ത്

ആരാധകരില്‍ ആവേശം നിറച്ച സൂപ്പര്‍ഹിറ്റ് ജയസൂര്യ ചിത്രമായ ‘ആട് 2’ വന്‍ വിജയമായിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേതന്നെ വ്യത്യസ്തമായ പ്രമോഷനുകള്‍കൊണ്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി റിലീസിനു മുന്നേ അണിയറക്കാര്‍ ട്രോളന്മാര്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. ആട് 2 വിന്റെ ട്രെയിലറിലെയോ, ഗാനരംഗത്തിലേയോ സ്‌ക്രീന്‍ഷോട്ടുകള്‍ കോര്‍ത്തിണക്കി, ഈ സിനിമയെത്തന്നെ പരാമര്‍ശിക്കുന്നതോ, മറ്റു പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതോ ആയ രസകരമായ ട്രോളുകള്‍ ഉണ്ടാക്കുന്ന മത്സരമാണ് ഫ്രൈഡേ ഫിലിംസ് ട്രോളന്മാര്‍ക്കായി ഒരുക്കിയത്. ആകര്‍ഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.

ഒന്നാം സമ്മാനം 15,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്, രണ്ടാം സമ്മാനം 10,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ്, മൂന്നാം സമ്മാനം : 5,000 രൂപ + പാപ്പന്‍മുണ്ട് + ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ടിക്കറ്റ് എന്നിങ്ങനെയായിരുന്നു സമ്മാനങ്ങള്‍. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന 10 ട്രോളുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രം റിലീസായി ആരവങ്ങള്‍ കെട്ടടങ്ങാറായിട്ടും ഫലം മാത്രം പുറത്തു വന്നിട്ടില്ല. സമ്മാനം ആര്‍ക്കെന്നറിയാനും അതിനേക്കാളുപരി ട്രോളുകള്‍ കാണാനുമായുള്ള ആരാധകരുടെ കാത്തിരിപ്പ് അക്ഷമയോടെ തുടരുമ്പോള്‍ എന്തുകൊണ്ട് ഇത് വൈകുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ദിവസം സമ്മാനങ്ങള്‍ നല്‍കുമെന്നാണ് മിഥുന്‍ പറഞ്ഞത്. സമ്മാനങ്ങള്‍ വൈകിയതോടെ ക്ഷമ നശിച്ച ചില ട്രോളന്മാര്‍ മിഥുനെ ട്രോളി രംഗത്തെത്തിയിരുന്നു. ഈ ട്രോളുകള്‍ താന്‍ കണ്ടിരുന്നു എന്നും മിഥുന്‍ പറയുന്നു. ‘ഒന്ന് സമാധാനത്തോടെ ഇരുന്ന് നോക്കാന്‍ പറ്റാത്ത അത്രയും ട്രോളുകള്‍ വന്നിട്ടുണ്ട്. നമ്മള്‍ ഒരു പത്തോ അഞ്ഞൂറോ ട്രോളുകള്‍ പ്രതീക്ഷിച്ചിടത്ത് മൂവായിരത്തോളം ട്രോളുകളാണ് വന്നിട്ടുള്ളത്. ഇത് വേര്‍തിരിച്ച് വിലയിരുത്താന്‍ ഒരു പാട് സമയം ആവശ്യമായത് കൊണ്ടാണ് സമയം എടുക്കുന്നത്.’ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു. ഏതായാലും ഉടന്‍ തന്നെ റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് മിഥുന്‍ പറഞ്ഞിരിക്കുന്നത്.

Related posts