ഇത് എന്റെ സിനിമയുടെ തനി പകര്‍പ്പ് തന്നെ ! ഇന്റര്‍നാഷണല്‍ വക്കീലിനെക്കൊണ്ട് കേസ് കൊടുക്കും; മിന്‍സാര കണ്ണയുടെ നിര്‍മാതാവ് പിഎല്‍ തേനപ്പന്‍ കോടതിയിലേക്ക്…

മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതരഭാഷാ ചിത്രമായി ചരിത്രം സൃഷ്ടിച്ച ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിനെ കോടതി കയറ്റാന്‍ 1999 ല്‍ പുറത്തിറങ്ങിയ ‘മിന്‍സാര കണ്ണാ’ എന്ന വിജയ് ചിത്രത്തിന്റെ നിര്‍മാതാവ് പിഎല്‍ തേനപ്പന്‍. ഇരു ചിത്രങ്ങളും തമ്മില്‍ സാമ്യമുണ്ടെന്ന വാദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഒരു വീട്ടിലേക്ക് മറ്റൊരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും വിവിധ ജോലിക്കായി കയറിപ്പറ്റുന്നതായിരുന്നു സാമ്യമായി ചൂണ്ടിക്കാട്ടപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ ‘മിന്‍സാര കണ്ണാ’യുടെ നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ ആരാധകരുടെ വാദത്തെ പിന്തുണച്ചുകൊണ്ട് ‘ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരസൈറ്റി’ന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. 2019ല്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു പാരസൈറ്റ്. കാന്‍ ചലച്ചിത്ര മേളയില്‍ പാം ഡി ഓര്‍ സ്വന്തമാക്കിയായിരുന്നു ഓസ്‌കാര്‍ വേദിയിലേക്കുള്ള വരവ്.

മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, അന്യഭാഷാ ചിത്രം എന്നീ നാല് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പാരസൈറ്റ് സ്വന്തമാക്കി. ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും കഥ പറയുന്ന ചിത്രമാണ് പാരസൈറ്റ്.

നിര്‍ധനരായ ഒരു കുടുംബം സമ്പന്ന കുടുംബത്തില്‍ കയറിപ്പറ്റുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇത് മിന്‍സാര കണ്ണായില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ആരാധകരുടെ വാദം.

പ്രണയ സാഫല്യത്തിനായി ഒരു വീട്ടില്‍ കയറിപ്പറ്റുന്ന വിജയ് വീട്ടുകാരെ അതേ വീട്ടില്‍ തിരുകിക്കയറ്റുന്നതാണ് മിന്‍സാരക്കണ്ണയുടെ പ്രമേയം
ജയസൂര്യ, കലാഭവന്‍ മണി, ഭാമ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് കുടുംബം എന്ന ചിത്രത്തിലും സമാനമായ പ്രമേയം വന്നിട്ടുണ്ട്.

Related posts

Leave a Comment