വീണ്ടും തെലുങ്കുസിനിമാ ലോകത്തെ രോമാഞ്ചം കൊള്ളിക്കാന്‍ ലാലേട്ടന്‍; ‘സാഹോ’യില്‍ പ്രഭാസിനൊപ്പം മോഹന്‍ലാല്‍ എത്തും ? ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടെന്നറിഞ്ഞ് ആഘോഷത്തിമിര്‍പ്പില്‍ തെലുങ്ക് ആരാധകര്‍

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രണ്ടു സിനിമകളാണ് മോഹന്‍ലാലിന് തെലുങ്ക് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിക്കൊടുത്തത്. ചന്ദ്രശേഖര്‍ യെലട്ടിയുടെ ‘മനമന്ത’യും കൊരട്ടല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം എത്തിയ ‘ജനതാ ഗ്യാരേജും’. ഇതില്‍ ‘ജനതാ ഗ്യാരേജ്’ ജൂനിയര്‍ എന്‍ടിആറിന്റെ കരിയറിലെതന്നെ മികച്ച വിജയങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ സാമ്പത്തിക വിജയത്തില്‍ നിര്‍ണായമായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. ഇരുചിത്രങ്ങള്‍ക്കും ശേഷം മലയാളത്തില്‍ 150 കോടി നേടിയ ‘പുലിമുരുകന്‍’ ‘മന്യം പുലി’യെന്ന പേരിലും തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തി. അതും സൂപ്പര്‍ഹിറ്റായി.

ഈ വര്‍ഷം മോഹന്‍ലാലിന്റേതായി തെലുങ്കില്‍ ഒരു പ്രോജക്ട് ഒരുങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മോഹന്‍ലാല്‍ മലയാളം പ്രോജക്ടുകളുടെ തിരക്കിലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നൊരു വാര്‍ത്ത പുറത്തുവരുന്നു. ‘ബാഹുബലി’ ഇരു ഭാഗങ്ങള്‍ക്കും ശേഷം പ്രഭാസ് നായകനാവുന്ന ‘സാഹൊ’യില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണത്.

150 കോടി ബജറ്റില്‍ ഇതിനകം ചിത്രീകരണമാരംഭിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘സാഹൊ’. ശ്രദ്ധ കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ജാക്കി ഷിറോഫാണ് പ്രധാന വില്ലന്‍. ഇന്ത്യയിലെ വിവിധഭാഷകളില്‍ നിന്ന് പ്രമുഖര്‍ ഇനിയും പ്രോജക്ടിലേക്ക് എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബോളിവുഡില്‍നിന്ന് ചങ്കി പാണ്ഡേയും മഹേഷ് മഞ്ജ്രേക്കറും ടിന്നു ആനന്ദുമൊക്കെ എത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ മോഹന്‍ലാലും ചിത്രത്തിന്റെ ഭാഗമാകുന്നതായി വാര്‍ത്തകള്‍ വരുന്നത്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും തമിഴില്‍നിന്ന് അരുണ്‍ വിജയ്യും ‘സാഹൊ’യുടെ ഭാഗമാകുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഹുബലിയെപ്പോലെ തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലുമെത്തും ചിത്രം. പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ, വിതരണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ വന്‍തുകയാണ് ‘സാഹൊ’യുടെ വിതരണാവകാശത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അറിയുന്നു. ബാഹുബലി-2ന് ലഭിച്ചതിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്. മുംബൈ, അബുദബി, ദുബൈ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങള്‍ ലൊക്കേഷനുകള്‍. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വി.വംശി കൃഷ്ണ റെഡ്ഡിയും പ്രമോദും സംയുക്തമായി നിര്‍മ്മിക്കുന്ന സിനിമ 2018 ആദ്യ പകുതിയില്‍ തീയേറ്ററുകളിലെത്തും. എന്തായാലും ഈ മോഹന്‍ലാല്‍ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകുമെന്നറിഞ്ഞ് അദ്ദേഹത്തിന്റെ തെലുങ്കിലെ ആരാധകര്‍ ആഘോഷത്തിമിര്‍പ്പിലാണ്.

 

Related posts