കോടീശ്വരപുത്രി ആഡംബരജീവിതം അവസാനിപ്പിച്ച് 26ാം വയസിൽ സന്യാസം സ്വീകരിച്ചു. കർണാടകയിലെ യാദ്ഗിറിലാണ് സംഭവം. ജെയിൻ ബ്ലോക്കിലെ ജൈനമതവിശ്വാസികളായ നരേന്ദ്ര ഗാന്ധി-സംഗീത ദമ്പതിമാരുടെ മകൾ നികിതയാണ് അത്യാഡംബരത്തിന്റെ കൊടുമുടിയിൽനിന്ന് എല്ലാം ത്യജിച്ച് സന്യാസമാർഗത്തിലേക്കു പ്രവേശിച്ചത്. ഗാന്ധി ദന്പതിമാർക്ക് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണുള്ളത്.
ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള നികിത ഏഴു വർഷമായി സന്യാസിയാകാനുള്ള ഒരുക്കത്തിലായിരുന്നു. നികിതയുടെ ആഗ്രഹം അംഗീകരിച്ച മാതാപിതാക്കളും കുടുംബാംഗങ്ങളും അവളെ ആനയിച്ച് യാദ്ഗിറിൽ വലിയ ഘോഷയാത്ര നടത്തി.
മേഖലയിലെ ജൈന സമൂഹം ഘോഷയാത്രയിൽ പങ്കെടുത്ത് ആശംസകർ നേർന്നു. ആളുകൾക്ക് പുതുവസ്ത്രങ്ങൾ ഉൾപ്പെടെ വിവിധ വസ്തുക്കൾ നികിത വിതരണംചെയ്തു. ദുഷ്കരമായ പാതയിലൂടെയാണ് ഇനി സഞ്ചാരിക്കാൻ പോകുന്നതെന്നും തന്റെ ജീവിതം ലോകനന്മയ്ക്കായി സമർപ്പിക്കുകയാണെന്നും നികിത പറഞ്ഞു.