കാസര്‍ഗോഡ്: തമിഴ്നാട് സ്വദേശി പെയിന്റ് തിന്നര്‍ ഒഴിച്ചു തീകൊളുത്തിയതിനെതുടര്ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേഡകം മുന്നാട് പേര്യയിലെ പ്രവാസിയായ നന്ദകുമാറിന്റെ ഭാര്യ സി. രമിത (30) ആണ് മരിച്ചത്. മംഗളുരു എജെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രമിത ഇന്നലെ രാത്രി 12ഓടെ മരിക്കുകയായിരുന്നു.
പ്രതി തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതത്തെ (57) ബേഡകം പോലീസ് സംഭവം നടന്ന ദിവസംതന്നെ അറസ്റ്റ് ചെയ്തിരുന്നു.ഈമാസം എട്ടിന് ഉച്ചകഴിഞ്ഞ് 3.20ഓടെയായിരുന്നു സംഭവം. മുന്നാട് മണ്ണടുക്കത്ത് ചെറിയൊരു പലചരക്കുകട നടത്തുകയായിരുന്നു രമിത. ഇതേ കെട്ടിടത്തില്‍ തൊട്ടടുത്തായി ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുന്നയാളാണ് രാമാമൃതം.
മദ്യലഹരിയില്‍ രാമാമൃതം രമിതയെ അസഭ്യം പറയുകയും തുറിച്ചുനോക്കുകയും ചെയ്യുന്നത് പതിവായതോടെ രമിത ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെങ്കിലും ഇയാളെ താക്കീത് ചെയ്യുകയും ഇവിടെനിന്നും മുറിയൊഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിന്റെ വിരോധത്തിലാണ് രാമാമൃതം സംഭവദിവസം കടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന രമിതയുടെ ദേഹത്ത് പെയിന്റ് തിന്നര്‍ ഒഴിക്കുകയും പന്തംകൊണ്ട് തീകൊളുത്തുകയുമായിരുന്നു.രമിതയുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ പണം സ്വരൂപിച്ചുവരികയായിരുന്നു. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് നന്ദകുമാര്‍ പിറ്റേന്നുതന്നെ ആശുപത്രിയിലെത്തിയിരുന്നു.
പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ഇന്നു വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലെത്തിക്കും. മകന് ദേവനന്ദ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്. ബേഡകം ചീറ്റക്കയയിലെ രാമുണ്ണി-സുധ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രമ്യ, രജിന.