പണി പാളി..! ആന്റി റോമിയോ സ്ക്വാഡ് യുപിയില്‍ സദാചാര ഗുണ്ടായിസം കാണിക്കുന്നു; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ആവിഷ്കരിച്ച സ്ക്വാഡിനെതിരേ സ്ത്രീപക്ഷ സംഘടനകള്‍ രംഗത്ത്

ROMEO600സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥേ ആവിഷ്കരിച്ച ആന്റി റോമിയോ  സ്ക്വാഡിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സ്ക്വാഡിലെ അംഗങ്ങള്‍ സദാചാര പോലീസ് കളിക്കുകയാണെന്നും എത്രയും പെട്ടെന്നു തന്നെ സ്ക്വാഡ് പിരിച്ചുവിടണമെന്നുമാണ് പ്രമുഖ സ്ത്രീസംഘടനകളുടെ നേതാക്കള്‍ ആവശ്യപ്പെടുന്നത്.

അഭിഭാഷകരായ അരുണാ റോയ്, കവിതാ ശ്രീവാസ്തവ, കല്യാണി മേനന്‍ സെന്‍, ഇന്ദിര ജയസിംഗ്, വൃന്ദാ ഗ്രോവര്‍ എന്നിവരുടെ സംഘമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട പദ്ധതിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന ആണ്‍-പെണ്‍ സുഹൃത്തുക്കള്‍ക്കു നേരെ അതിക്രമം അഴിച്ചുവിടുന്ന നടപടി വര്‍ധിച്ചു വരുകയാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംവിധാനം പിന്‍വലിക്കണമെന്നും സ്ത്രീപക്ഷ വാദികള്‍ ആവശ്യപ്പെടുന്നു. തങ്ങളുടെ ഉദ്യമം സദാചാര പോലീസിംഗ് അല്ലെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയാണെന്നും മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും സദാചാര ഗുണ്ടായിസത്തിന്റെ ഭീകരമുഖമാണ് യുപിയില്‍ കാണാന്‍ കഴിയുന്നത്.

കോളജിനു പുറത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുകയായിരുന്ന യുവാവിനെ സംഘം അറസ്റ്റ് ചെയ്തത് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രണയിതാക്കളുടെ മതം ചോദിക്കുന്ന സ്ക്വാഡ് അംഗങ്ങളുടെ അപരിഷ്കൃത നടപടിയും വിവാദമാകുന്നു. പോലീസിനൊപ്പം ചേര്‍ന്ന് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരും പരിശോധനയില്‍ പങ്കെടുക്കുന്നതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി നഷ്ടപ്പെടുത്തുന്ന പദ്ധതിയെ വിമര്‍ശിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും സ്ത്രീപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നു. ആന്റി റോമിയോ സ്ക്വാഡിനെ ആന്റി കൃഷ്ണ സ്ക്വാഡ് എന്നാണ് പ്രശാന്ത് ഭൂഷന്‍ വിശേഷിപ്പിച്ചത്.

Related posts