നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്! അവരെ കേള്‍ക്കാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്; റിമ കല്ലിങ്കലിന്റെ വീഡിയോ വൈറലാവുന്നു

rima-kallingal.jpg.image.784.410കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ദിനംപ്രതിയെന്ന വണ്ണമാണ് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന ഒരു സംസ്ഥാനത്തുനിന്ന് പുറത്തുവരുന്ന പീഡന വാര്‍ത്തകള്‍ കേട്ടാല്‍ മലയാളികളുടെ തലകുനിഞ്ഞുപോവും.  ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി ഒരു വിഡിയോയെത്തിരിക്കുകയാണ്. ചലച്ചിത്രതാരം റിമാ കല്ലിങ്കല്‍ ആണ് വീഡിയോയിലൂടെ സംവദിക്കുന്നത്. യൂണിസെഫിന്റെ പിന്തുണയോടെ എസ് എച്ച് സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആണ് ഈ ബോധവത്ക്കരണ ചിത്രം തയാറാക്കിയിരിക്കുന്നത്. വീഡിയോയില്‍ റിമ പറയുന്നതിപ്രകാരമാണ്.  ‘സാക്ഷരതയിലും ആയുര്‍ദൈര്‍ഘ്യത്തിലും നമ്മുടെ കേരളം ഒന്നാമതാണ്. എന്നാല്‍, കുട്ടികളോടുള്ള ലൈംഗികചൂഷണത്തില്‍ അതേകേരളം ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ്. ഇത് ഞെട്ടിക്കുന്നതാണ്, പക്ഷേ സത്യം അതാണ്. നമ്മള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും.

നമ്മള്‍ തന്നെ അതിന് പരിഹാരം കണ്ടെത്തണം. നമ്മുടെ കുട്ടികളെ, അത് ആണാകട്ടെ, പെണ്ണാകട്ടെ, സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നല്ലതും അല്ലാത്തതുമായ സ്പര്‍ശനങ്ങള്‍ കുട്ടകളെ പറഞ്ഞു മനസ്സിലാക്കുക. ശരീരത്തിലെ സ്വകാര്യ ഇടങ്ങള്‍, അതായത് നെഞ്ചിലും കാലിന്റെ ഇടുക്കുകളിലും പിന്‍ഭാഗത്തും അമ്മയും അച്ഛനുമല്ലാതെ ആരെയും സ്പര്‍ശിക്കാന്‍ അനുവദിക്കരുതെന്ന് അവരെ പറഞ്ഞു മനസിലാക്കണം. കാരണം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ അമ്പതു ശതമാനം ആളുകളും അവര്‍ക്ക് പരിചയമുള്ളവരാണ്, അപരിചിതര്‍ അല്ല. നിങ്ങളുടെ കുട്ടികള്‍ നിങ്ങളോട് സംസാരിക്കാറുണ്ടോ ? കാരണം ലൈംഗികചൂഷണ ത്തിനിരയായ 72 ശതമാനം കുട്ടികളും അത് ആരോടും തുറന്നു പറഞ്ഞിട്ടില്ല. നിങ്ങളുടെ കുട്ടികള്‍ക്ക് നിങ്ങളോട് തുറന്ന് ഭയമില്ലാതെ സംസാരിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കണം. നമ്മുടെ കുട്ടികളെ ബോധവാന്മാരാക്കുക, അല്ലാതെ ഭയമുള്ളവരാക്കുകയല്ല വേണ്ടത്.’

Related posts