ഹനാനെ അപമാനിച്ച കൂടുതല്‍ പേര്‍ കുരുക്കിലേക്ക്, ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ലേഖകനെ ചോദ്യം ചെയ്യും, താന്‍ ലൈവിട്ടത് ഈ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞിട്ടെന്ന് നൂറുദീന്‍, പെണ്‍കുട്ടിയെ അധിക്ഷേപിച്ചവരുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പോലീസിന്

ഉപജീവനത്തിനായി മീന്‍ വിറ്റ കോളജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കൊല്ലം സ്വദേശിയ സിയാദിനെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. ചേര്‍ത്തലയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായ ഇയാളെ ഇവിടെയെത്തിയാണ് പോലീസ് പിടികൂടിയത്. സിയാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചെറായി പൈനാട്ടായില്‍ വിശ്വനാഥിനെ (42) കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

ഹനാനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് ലൈവ് നല്‍കിയ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു. ഹനാനെ അപമാനിച്ച് ആദ്യം ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിട്ട നൂറുദീന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഹനാനെ ആദ്യം അനുകൂലിച്ച് പോസ്റ്റിട്ട താന്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതനുസരിച്ചാണ് നിലപാട് മാറ്റിയതെന്ന് നൂറുദ്ദീന്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞിരുന്നു.

തൃശൂരില്‍ നിന്നാണ് വിശ്വനാഥനെ പോലീസ് പിടികൂടിയത്. ഐടി ആക്ടിന് പുറമെ സ്ത്രീത്വത്തെ അപമാനിക്കല്‍, മര്യാദ ലംഘനം, അശ്ലീല പരാമര്‍ശം, തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് വിശ്വനാഥനെതിരെ കേസെടുത്തിട്ടുള്ളത്. ഹനാനെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ തേടി സൈബര്‍ സെല്‍ ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട്. ഹനാനിനെ അധിക്ഷേപിക്കുന്ന പ്രചാരണത്തില്‍ പങ്കാളികളായ സൈബര്‍ കുറ്റവാളികളുടെ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്റിട്ടവരില്‍ പലരും പിന്‍വലിച്ചു. എന്നാല്‍ ഈ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അശ്ലീല പോസ്റ്റിട്ടവരെയാണ് ആദ്യഘട്ടത്തില്‍ പിടികൂടുക. അധിക്ഷേപങ്ങള്‍ക്ക് ലൈക്കടിക്കുന്നതും തത്തുല്യ കുറ്റമായി കാണുമെന്ന് പോലീസ് വ്യക്തമാക്കി. ഐടി ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത്.

Related posts