ഷില്‍നയുടെ മോഹം സഫലമായി ! ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിനു ശേഷം പിറന്നത് ഭര്‍ത്താവിന്റെ രക്തത്തില്‍ തന്നെയുള്ള ഇരട്ടക്കുട്ടികള്‍; തുണയായത് കൃത്രിമബീജധാരണം

കണ്ണൂര്‍: വാഹനാപകടത്തില്‍ മരണമടഞ്ഞ ഭര്‍ത്താവിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നുള്ള ഭാര്യയുടെ മോഹം സഫലമായി. മരിച്ച് ഒരു വര്‍ഷത്തിന് ശേഷം അച്ഛന്റെ മക്കളായ രണ്ടു കണ്മണികള്‍ക്ക് തന്നെ അമ്മ ജന്മം നല്‍കി. വാഹനാപകടത്തില്‍ മരിച്ച ബ്രണ്ണന്‍ കോളേജ് അധ്യാപകന്‍ കെ.വി. സുധാകരന്റെ ഭാര്യ ഷില്‍നയാണ് ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

സുധാകരന്റെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജധാരണം (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയായിരുന്നു ഗര്‍ഭധാരണം. വ്യാഴാഴ്ച പകല്‍ 12 മണിയോടെ ഷില്‍ന രണ്ടു പെണ്‍മക്കള്‍ക്കാണ് ജന്മം നല്‍കിയത്.

2017 ഓഗസ്റ്റ് 15-ന് നിലമ്പൂരിലുണ്ടായ അപകടത്തില്‍ വെച്ചായിരുന്നു സുധാകരന്‍ മരണമടഞ്ഞത്. ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം അസി. പ്രൊഫസറായിരുന്ന അച്ഛന്‍ വിടപറഞ്ഞ് ഒരുവര്‍ഷവും 30 ദിവസവും പിന്നിടുമ്പോഴായിരുന്നു പുതുജീവനുകള്‍ ലോകത്തേക്ക് എത്തിയത്. കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ പ്രസവമുറിയില്‍ ശസ്ത്രക്രിയയിലൂടെ പ്രസവം.

2006 ഏപ്രില്‍ 22-നാണ് ഷില്‍നയും സുധാകരനും വിവാഹിതരായത്. പിന്നീട് കണ്ണൂരിലെ ഡോ. ഷൈജൂസിന്റെ മേല്‍നോട്ടത്തില്‍ ഗര്‍ഭധാരണത്തിനുള്ള ചികിത്സ നടന്നു വരുന്നതിനിടയിലായിരുന്നു സുധാകരന്‍ മരിച്ചത്.

ചികിത്സാക്കാലത്ത് ശേഖരിച്ച ബീജം തന്നെ പിന്നീട് കൃത്രിമ ബീജധാരണത്തിനായി ഉപയോഗിക്കുകയായിരുന്നു. സുധാകരന്റെ കുഞ്ഞിനെ തന്നെ പ്രസവിക്കണമെന്ന ഷില്‍നയുടെ ആഗ്രഹത്തിനൊപ്പം വീട്ടുകാരും നില്‍ക്കുകയായിരുന്നു. ഫെഡറല്‍ ബാങ്ക് കണ്ണൂര്‍ ശാഖയില്‍ ലോണ്‍ സെക്ഷനില്‍ മാനേജരാണ് ഷില്‍ന.

തേഞ്ഞിപ്പലത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പരീക്ഷാപ്പേപ്പര്‍ മൂല്യനിര്‍ണയത്തിനിടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിലമ്പൂരിലേക്ക് വിനോദയാത്ര പോയപ്പോഴായിരുന്നു സുധാകരന്‍ അപകടത്തില്‍ പെട്ടത്.

യാത്രാമധ്യേ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉടന്‍ നാട്ടിലെത്തണമെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിനോദയാത്ര വാഹനത്തില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം നടന്നതും മരണമടഞ്ഞതും. പെണ്‍കുഞ്ഞുങ്ങള്‍ രണ്ടും പൂര്‍ണ ആരോഗ്യവതികളാണ്.

Related posts