വെഞ്ഞാറമ്മൂട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കിയതിനെതിരേ അമ്മ രംഗത്ത് ! കേസില്‍ പുനരന്വേഷണം നടത്തണം; കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതി…

വെഞ്ഞാറമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛനെ പ്രതിയാക്കി ജയിലിലടച്ചതിനെതിരേ അമ്മ രംഗത്ത്. കേസില്‍ പുനരന്വേഷണം നടത്തണമെന്നും സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളിന്റെ സ്വാധീനത്തിനു വഴങ്ങി കേസെടുത്ത വെഞ്ഞാറമൂട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാണിച്ചുമാണ് പെണ്‍കുട്ടിയുടെ മാതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിയത്.

കുറ്റകൃത്യം ചെയ്തയാള്‍ പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കിയതാണെന്നും മാതാവും മകളും ഭര്‍ത്താവിനെ സംശയിച്ചിട്ടില്ലാത്തതാണെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസ്സിലാക്കിയവര്‍ ബോധപൂര്‍വം പൊലീസിനെ സ്വാധീനിച്ചു ഭര്‍ത്താവിനെ പ്രതിയാക്കി അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നും ചെയ്യാത്ത കുറ്റത്തിനു മാസങ്ങളായി ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിച്ചെന്നും പരാതിയില്‍ പറയുന്നു. മൊഴിയെടുക്കാന്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ പൊലീസാണു മൊഴി പറഞ്ഞുകൊടുത്തതെന്നും പരാതിയിലുണ്ട്. ഇതിനെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.

പ്രതിയെന്നു സംശയിക്കുന്നയാളിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും കേസില്‍ പറഞ്ഞിരിക്കുന്ന മൊഴികള്‍ തങ്ങളാരും പറഞ്ഞതല്ലെന്നും പരാതിയിലുണ്ട്. ആവശ്യമായ അന്വേഷണം നടത്താതെ പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത ഗുരുതരമായ തെറ്റും ഭര്‍ത്താവിനോടു കാണിച്ച മനുഷ്യാവകാശ ലംഘനവും മകളോടു ക്രൂരത കാണിച്ചവരെ രക്ഷിക്കുന്നതിനുവേണ്ടി ശ്രമിച്ച പ്രവര്‍ത്തനങ്ങളും അന്വേഷണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ അന്യായമായ കാരാഗൃഹവാസത്തിന് ഉത്തരവാദിയായവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍, ഡിജിപി, പൊലീസ് പരാതി പരിഹാര സെല്‍, ഹൈക്കോടതി റജിസ്ട്രാര്‍ എന്നിവര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

Related posts