കൽപ്പറ്റ: ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം അച്ഛനെയും അമ്മയെയും കണ്ടപ്പോൾ നാലു വയസുകാരൻ ജുഗലിന്റെ മുഖം തെളിഞ്ഞു. അഗ്നി-രക്ഷാസേനയുടെ വാഹനത്തിൽനിന്നു അമ്മ വാരിയെടുത്തു മുത്തം കൊടുത്തപ്പോൾ അവന്റെ മിഴികളിൽ പ്രകാശം.
ഇതു കണ്ടുനിന്ന സി.കെ. ശശീന്ദ്രന് എംഎൽഎക്കും അഗ്നി-രക്ഷാസേനാംഗങ്ങൾക്കും ചാരിതാർഥ്യം. കന്പളക്കാട് പറളിക്കുന്നിലെ സജിത്ത്-പ്രിയ ദന്പതികളുടെ മകനാണ് ജുഗൽ. ദിവസങ്ങളായി ഷോർണൂരിൽ ചെറിയമ്മയുടെ സംരക്ഷണത്തിലായിരുന്നു ഈ ബാലൻ.
കണ്ണൂരിൽ ജോലിക്കു പോയ സജിത്തിനു കോവിഡ് ബാധിതനുമായി സന്പർക്കത്തിലേർപ്പെടേണ്ടിവന്നു. ഇതേത്തുടർന്നു ആരോഗ്യ പ്രവർത്തകർ ക്വാറന്റൈൻ നിർദേശിച്ച സാഹചര്യത്തിലാണ് ജുഗലിനെ പറളിക്കുന്നിലെ വീട്ടിൽനിന്നു ഷൊർണൂരിനു മാറ്റിയത്.
നിരീക്ഷണകാലം കഴിഞ്ഞിട്ടും പൊതുഗതാഗതത്തിന്റെ അഭാവത്തിൽ മകനെ വീട്ടിലെത്തിക്കാൻ സജിത്തിനു കഴിഞ്ഞില്ല. ജുഗലാകട്ടെ മാതാപിതാക്കളെ കാണണമെന്ന ശാഠ്യത്തിലുമായി.
വിഷയം ശ്രദ്ധയിൽപ്പെട്ട സി.കെ. ശശീന്ദ്രൻ എംഎൽഎ ഇടപെട്ടതിനെത്തുടർന്നു അഗ്നി-രക്ഷാസേനയുടെ വാഹനത്തിൽ ജുഗലിനെ വയനാട്ടിലെത്തിക്കാൻ വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അനുമതി നൽകി.
പാലക്കാട് റീജണൽ ഫയർ ഓഫീസർ സുജിത്കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഒന്പതോടെയാണ് ജുഗലിനെ കോഴിക്കോട് മീഞ്ചന്ത ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷനിൽ എത്തിച്ചത്.
തുടർന്നു മീഞ്ചന്ത സ്റ്റേഷൻ ഓഫീസർ വിശ്വാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിജു, സൂരജ് എന്നിവർ കുട്ടിയെ കൽപ്പറ്റയ്ക്കു കൊണ്ടുവരികയായിരുന്നു. രാവിലെ 11.30 ഓടെയാണ് കുട്ടിയെ മാതാപിതാക്കൾക്കു കൈമാറിയത്.