യോഗിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി സംഭാവന നല്‍കി എം.എ യൂസഫ് അലി ! കൂടാതെ ഒരു ലക്ഷം ത്രീലെയര്‍ മാസ്‌ക്കുകളും; യോഗിയോടും യുപിയോടുമുള്ള യൂസഫലിയുടെ താല്‍പര്യം ഇങ്ങനെ…

പാര്‍ട്ടി ഭേദമന്യേ രാജ്യത്തെ എല്ലാ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ക്കെല്ലാം യൂസഫലി പ്രിയപ്പെട്ടവനാണ്.

ഇപ്പോള്‍ കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി അഞ്ചുകോടി രൂപ നല്‍കുമ്പോള്‍ ചര്‍ച്ചയാകുന്നത് യോഗിയോടും യുപിയോടുമുള്ള പ്രവാസി വ്യവസായിയുടെ താല്‍പര്യമാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലഖ്‌നൗവിലെ ഔദ്യോഗിക വസതിയില്‍വെച്ച് ലുലു ഇന്ത്യാ റീജണല്‍ ഡയറക്ടര്‍ രജിത് രാധാകൃഷ്ണന്‍ ചെക്ക് കൈമാറി.

ഇതിനു പുറമേ ഒരുലക്ഷം ത്രീലെയര്‍ മുഖാവരണങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് നല്‍കി.

സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ സഞ്ജയ് ഗോയലിന് മുഖാവരണങ്ങള്‍ രജിത് രാധാകൃഷ്ണന്‍ കൈമാറി. യുപിയില്‍ ലുലുവിന്റെ എല്ലാ സഹയവും ഈ ദുരിത കാലത്തുണ്ടാകും.

കേരളം കഴിഞ്ഞാല്‍ ലുലുവിന് ഏറ്റവും വലിയ നിക്ഷേപമുള്ളത് രാജ്യത്ത് യുപിയിലാണ്. അതുകൊണ്ട് കൂടിയാണ് യുപിയേയും യൂസഫലി കൈയയച്ച് സഹായിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ വന്‍തോതില്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. യുപിയില്‍ നാലു ഷോപ്പിംഗ് മാളുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.

ഉത്തരേന്ത്യയിലെ ഏറ്റവും വലിയ മാളിന്റെ നിര്‍മ്മാണം ലഖ്‌നൗവില്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിക്ക് സമീപം സാഹിബാബാദില്‍ പുതിയ ഷോപ്പിംഗ് മാള്‍ പണിയും.

നിര്‍മ്മാണത്തിലിരിക്കുന്ന ലഖ്‌നൗവിലെ മാള്‍, നേരത്തേ പ്രഖ്യാപിച്ച വാരാണസി, നോയിഡ മാളുകള്‍ എന്നിവയ്ക്കു പുറമേയാണിത്.

ഓരോ മാളിനും ഏതാണ്ട് 2000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഓരോന്നും 5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതിലേറെ പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടാകും.

നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന സമീപനമാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതെന്നും യൂസഫലി നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ സഹായം നല്‍കലിലും പ്രതിഫലിക്കുന്നത്.

കോവിഡ് ദുരിതാശ്വാസത്തില്‍ കേന്ദ്രത്തിന്റെ ഫണ്ടില്‍ 25 കോടി രൂപ യൂസഫലി നല്‍കിയിരുന്നു. കേരളത്തിന് പത്ത് കോടിയും.

അതിന് ശേഷമാണ് യുപിയിലും സഹായവുമായി എത്തുന്നത്. നാട്ടിലും ഗള്‍ഫിലുമുള്ള നിരവധി സന്നദ്ധ സംഘടനകള്‍ക്കും യൂസഫലി സഹായം നല്‍കിയിരുന്നു.

Related posts

Leave a Comment