കൂടരഞ്ഞി: വീല്‍ചെയറിലിരുന്ന് ബലൂണുകള്‍ വിറ്റ് ഉപജീവനം നടത്തുന്ന കണ്ണനെ ചേര്‍ത്തു പിടിച്ച് മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ. കാലപ്പഴക്കം കൊണ്ടു ബലക്ഷയം സംഭവിച്ച വീല്‍ചെയറിലുള്ള സഞ്ചാരം ജീവന് ഭീഷണിയാകുമെന്നു തിരിച്ചറിഞ്ഞ് ജനകീയ കൂട്ടായ്മ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം നസീറ ബീഗത്തിന്റെ നേതൃത്വത്തില്‍ കണ്ണന് പുതിയ വീല്‍ചെയര്‍ നല്കി.
പുഷ്പഗിരി പള്ളി പെരുന്നാളിനോടനുബന്ധിച്ച് പള്ളി അങ്കണത്തില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു കണ്ണന് വീല്‍ചെയര്‍ കൈമാറി. കണ്ണന്റെ ദുരിത കഥയറിഞ്ഞ് മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മയാണ് സഹായസന്നദ്ധരായി മുന്നോട്ടുവന്നത്. സലീം കല്‍പ്പൂരിന്റെ നേതൃത്വത്തില്‍ മൗണ്ട് ഹീറോസ് പ്രതിനിധികളായ അനീഷ് പുത്തന്‍പുരയ്ക്കല്‍, ജയേഷ് സ്രാമ്പിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് കണ്ണന് പുതിയ വീല്‍ചെയര്‍ നല്കാന് തീരുമാനിച്ചത്.
എം.സി. ഷംസു അടക്കമുള്ളവരുടെ സഹായത്തോടെ പഞ്ചായത്ത് അംഗം നസീറ ബീഗം പുതിയ വീല്‍ചെയര്‍ വാങ്ങുകയായിരുന്നു. വീല്‍ചെയര്‍ കൈമാറ്റ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി കക്കാടംപൊയില്‍, പുഷ്പഗിരി പള്ളി വികാരി ഫാ. ജോണ്സന് പാഴുകുന്നേല്‍, നസീറ ബീഗം, സലീം കല്പ്പൂര്, ബാബു ചെല്ലന്തറയില്‍, ജോയ് മച്ചുകുഴിയില്‍, ജോളി കാരിക്കാട്ടില്‍, സെയ്തു, ഇബ്രാഹിം, ജയേഷ് സ്രാമ്പിക്കല്‍ എന്നിവരും പങ്കെടുത്തു.
- പ്രതീഷ് ഉദയന്‍
