അധ്യാപക ജോലിയ്ക്ക് അപേക്ഷ നല്‍കി മഹേന്ദ്ര സിംഗ് ധോണി ! അച്ഛന്റെ പേരു കേട്ടാല്‍ ആരും ഞെട്ടും; അഭിമുഖത്തിനു വിളിച്ച ഉദ്യോഗസ്ഥര്‍ പെട്ടു…

ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി അധ്യാപകവൃത്തി സ്വീകരിക്കുന്നു. ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുന്ന ആരും ആദ്യമൊന്നും ഞെട്ടുമെന്ന് തീര്‍ച്ച.

എന്നാല്‍ ഇങ്ങനെയൊരു സംഭവമുണ്ടായി. ഛത്തിസ്ഗഢില്‍ 14850 അധ്യാപകരെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളില്‍ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെയാണ് ഒരു ഉദ്യോഗാര്‍ത്ഥിയുടെ പേരുവിവരങ്ങള്‍ ചര്‍ച്ചയായത്.

തലസ്ഥാനമായ റായ്പ്പൂറില്‍ ജോലിക്കായി അപേക്ഷ നല്‍കിയയാളുടെ പേര് മഹേന്ദ്ര സിങ് ധോണി എന്നായിരുന്നു. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നും.

ധോണിയും അഭിമുഖത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ അപേക്ഷകന്‍ അഭിമുഖത്തിന് എത്താതിരുന്നതോടെ ഇത് ചര്‍ച്ചയാകുകയായിരുന്നു.

15 അപേക്ഷകരെയാണ് വെള്ളിയാഴ്ച അഭിമുഖത്തിനായി ക്ഷണിച്ചിരുന്നത്. എന്നാല്‍ അഭിമുഖത്തിനെത്താത്തവരില്‍ മഹേന്ദ്ര സിങ് ധോണി എന്ന പേര് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു.

അവര്‍ അപേക്ഷയിലുള്ള നമ്പറിലേക്ക് വിളിക്കുകയും അതിനുശേഷം തെറ്റ് മനസിലാക്കുകയും അപേക്ഷ വ്യാജമാണെന്ന് കണക്കാക്കുകയും ചെയ്യുകയായിരുന്നു.

അപേക്ഷ പ്രകാരം എംഎസ് ധോണി ദുര്‍ഗിലെ സിഎസ്‌വിടിയു സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടി.

ഈ വാര്‍ത്തകള്‍ പുറത്തുവന്നയുടനെ മറ്റ് അപേക്ഷകര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും അതോടെ ഇത് വൈറലാകുകയുമായിരുന്നു. ഈ വ്യാജ അപേക്ഷകനെതിരെ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുകയാണ്.

അപേക്ഷ വ്യാജമാണെന്ന് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും, അത് എങ്ങനെയാണ് അഭിമുഖത്തില്‍ ഉള്‍പ്പെട്ടതെന്ന് അവര്‍ക്ക് ഉറപ്പില്ല.

എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും അന്വേഷണം നടക്കുകയും ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. എന്നാല്‍ പരീക്ഷാരീതിയോട് പ്രതിഷേധമുള്ള ചില ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധമാണ് ഇതിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Related posts

Leave a Comment