മുക്കം: മുക്കം പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷ്ടാക്കൾ വിലസുമ്പോൾ ഇരുട്ടിൽ തപ്പി പോലീസ്. എസ്ഐയുടെ താമസസ്ഥലത്തടക്കം മോഷണം നടത്തിയിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.
കാരശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പിൽ ഒരു മാസത്തിനിടെ നാല് മോഷണങ്ങളും രണ്ട് മോഷണശ്രമങ്ങളുമാണ് നടന്നത്. ഇന്നലെ പുലർച്ചെ വീട്ടിൽ ഉറങ്ങി കിടന്ന സ്ത്രീയുടെ കഴുത്തിലെ രണ്ട് പവന്റെ മാല മോഷണം പോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. നെല്ലിക്കാപറമ്പ് അങ്ങാടിക്ക് സമീപം ചേലക്കോടൻ ഷംസുദ്ധീന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്.
ഷംസുദ്ധീന്റെ മകൾ അഫ്സാനയുടെ കഴുത്തിലെ രണ്ടു പവന്റെ മാല മോഷണം പോവുകയായിരുന്നു. വീട്ടിലെ ചെറിയ കുട്ടിയുടെ കഴുത്തിലെ മാലയും മോഷണം പോയെങ്കിലും ഇത് സ്വർണമല്ല. പതിവുപോലെ മുക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചങ്കിലും നാട്ടുകാർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. ഈ വീട്ടിൽ ഇന്നലെ നിക്കാഹ് നടക്കുന്നതറിഞ്ഞ് എത്തിയ ആളാണോ മോഷ്ടാവെന്നും നാട്ടുകാർക്ക് സംശയമുണ്ട്.
ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് പുലർച്ചെയാണ് നെല്ലിക്കാപറമ്പ് എയർപോർട്ട് റോഡരികിലെ നെടുങ്ങാട്ട് ജോസിന്റെ വീട്ടിൽ മോഷണം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് വീടിന്റെ വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസങ്ങളിൽ എയർപോർട്ട് റോഡ് ജംഗ്ഷനിലെ ഫ്രൂട്സ് കടയിലും പുളിക്കൽ കുട്ടിമാന്റെ വീട്ടിൽ നിന്ന് നാളികേരവും മോഷണം പോയി. നെല്ലിക്കാപറമ്പ് സ്വദേശി ഷംസുദ്ധീന്റെ വീട്ടിൽ നിന്ന് രണ്ട് പവൻ മോഷണം പോയത് കഴിഞ്ഞ ആഴ്ചയാണ്. തൊട്ടടുത്ത വീട്ടിൽ മോഷണശ്രമവും നടന്നു.
മേയ് ഒന്നിന് പുലർച്ചെ താളത്തിൽ ഹാരിസിന്റെ വീട്ടിൽ മോഷണശ്രമവും നടന്നു. മുക്കം എസ്ഐയുടെ താമസ സ്ഥലത്ത് ഏപ്രിൽ 24ന് ഉച്ചയ്ക്ക് മോഷണം നടത്തിയ ഒരാളെ പിടികൂടിയിട്ടും കൂട്ടുപ്രതികളെ പിടികൂടാനാവാത്തത് പോലീസിന് നാണക്കേടായിട്ടുണ്ട്. നെല്ലിക്കാപറമ്പ് ഭാഗങ്ങളിൽ മോഷണം പതിവായിട്ടും പോലീസ് പെട്രോളിംഗ് പോലും കാര്യക്ഷമമല്ലന്ന് നാട്ടുകാർ പറയുന്നു.
