കേരളം പ്രളയക്കെടുതിയില്‍ വിറങ്ങലിക്കുമ്പോള്‍ മുല്ലപ്പെരിയാറില്‍ കുടിലതന്ത്രവുമായി തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തത് കേരളത്തിന് തിരിച്ചടിയാവുന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ തുറക്കാന്‍ വൈകിയത് തമിഴ്‌നാടിന്റെ സ്വാര്‍ത്ഥ താല്‍പര്യത്തെത്തുടര്‍ന്ന്. കേരളത്തില്‍ കാലവര്‍ഷം ശക്തമാണെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന് നീരൊഴുക്ക് കുറയ്ക്കണമെന്നും കേരളം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജലനിരപ്പ് 142 അടി എത്തട്ടെ എന്ന നിലപാടിലായിരുന്നു തമിഴ്‌നാട്.

142 അടിവരെ എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്നു കാണിക്കാനാണ് തമിഴ്‌നാട് ഈ തന്ത്രം പുറത്തെടുത്തത്. നീരൊഴുക്കിന് അനുസരിച്ച് വെള്ളം പുറത്തേക്ക് വിടാതെ കാത്ത തമിഴ്തന്ത്രം ഒടുവില്‍ ലക്ഷ്യം കാണുക തന്നെ ചെയ്തു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 142 അടിയായി അണക്കെട്ടിലെ ജലനിരപ്പ്. പത്ത് പുതിയ ഷട്ടറുകളും മൂന്നു പുതിയ ഷട്ടറുകളുമടക്കം പതിമൂന്നു ഷട്ടറുകളാണ് ഡാമിനുള്ളത്. ഈ ഷട്ടറുകളെല്ലാം 1.5 മീറ്റര്‍ ഉയര്‍ത്തി. ഓരോ ഷട്ടറും 16 അടിവരെ ഉയര്‍ത്താന്‍ കഴിയും. ബുധനാഴ്ച ഉച്ചയ്ക്കുള്ള കണക്കുകള്‍ പ്രകാരം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 20,508 കുസെക്‌സ് വെള്ളമാണ്.

ഇന്നലെ രാത്രി നീരൊഴുക്ക് കൂടിയതോടെ ഇന്നു പുലര്‍ച്ചെ 2.35 മുതല്‍ സെക്കന്‍ഡില്‍ 10,000 കുസെക്‌സ് വെള്ളം വീതം തുറന്നുവിടാന്‍ തമിഴ്‌നാട് തീരുമാനിക്കുകയായിരുന്നു. കനത്തമഴയെത്തുടര്‍ന്ന് ജലനിരപ്പ് അനുവദനീയപരിധിയായ 142 അടിയില്‍ എത്തിയതോടെ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് വിടേണ്ടി സ്ഥിതിയാണ്. ഇപ്പോള്‍ പുറത്തുവിടുന്ന 10,000 കുസെക്‌സ് 30,000 കുസെക്‌സിലേക്ക് ഉയരാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്‌നാടിനാണ്.

യാതൊരു മാനദണ്ഡങ്ങളുമില്ലാതെ തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് കേരളത്തെ ബാധിക്കുമെന്നുറപ്പാണ്. അണക്കെട്ടില്‍ വെള്ളം ഉയരുന്നതിനാല്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താനുള്ള തയാറെടുപ്പിലാണ് തമിഴ്‌നാട്. അങ്ങനെ വന്നാല്‍ കൂടുതല്‍ വെള്ളം വണ്ടിപെരിയാര്‍ വഴി 44 കിലോമീറ്റര്‍ സഞ്ചരിച്ച് ഇടുക്കിയിലേക്കെത്തും.

ഇടുക്കി അണക്കെട്ടില്‍ ബുധനാഴ്ച ഉച്ചയ്ക്കു 2399.20 അടി വെള്ളമാണുള്ളത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ ഒന്നാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ രണ്ടു മീറ്ററും രണ്ടും മൂന്നും നാലും ഷട്ടറുകള്‍ 2.3 മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം എത്തുന്നതോടെ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തേണ്ടിവരും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രവര്‍ത്തനത്തിനായി സുപ്രീംകോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. കേന്ദ്രജല കമ്മിഷനില്‍ അണക്കെട്ടുകളുടെ സുരക്ഷാ ചുമതലയുള്ള ചീഫ് എന്‍ജിനീയര്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ജലവിഭവവകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെടുന്നതാണ് സമിതി.

അടിയന്തരഘട്ടങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സമിതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നെങ്കില്‍ ഷട്ടര്‍ തുറക്കുമ്പോള്‍ ഇരു സംസ്ഥാനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയുമായിരുന്നു. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് ഒരു ഓഫിസ് തുറന്നെങ്കിലും സമിതി അംഗങ്ങള്‍ തമ്മില്‍ കാണുന്നത് വര്‍ഷത്തിലൊരിക്കലാണ്. സുപ്രീംകോടതി വിധിയില്‍ നിര്‍ദേശിച്ച കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ സമിതിക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ തമിഴ്‌നാടിന്റെ ഇഷ്ടത്തിനനുസരിച്ചാണ് കാര്യങ്ങള്‍ ഇവിടെ നടക്കുന്നത്.

Related posts