മരം ഒരു വരംതന്നെ!! തുറന്നിട്ട ജനലിലൂടെ കുഞ്ഞ് താഴേക്ക് പതിച്ചു, നാലാംനിലയില്‍ നിന്നുള്ള വീണിട്ടും അഥര്‍വ് അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷയ്‌ക്കെത്തിയത് മരവും ചില്ലകളും !!

മരം ഒരു വരമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇപ്പോള്‍ ഈ ചൊല്ല് അക്ഷരാര്‍ഥത്തില്‍ സത്യമായിരിക്കുകയാണ് അഥര്‍വ് എന്ന ഒന്നരവയസുകാരന്റെ കാര്യത്തില്‍. മുംബൈ ഗോവണ്ടിയിലാണ് നാലാംനിലയിലെ ജനലില്‍ നിന്നും താഴേക്ക് വീണ കുട്ടിയ്ക്ക് മരം രക്ഷയൊരുക്കിയത്.

മുംബൈയിലാണ് സംഭവം. ഗോവണ്ടിയില്‍ ബിഎസ് ദേവാഷി റോഡിലെ ഗോപികിഷന്‍ ബില്‍ഡിങ്ങില്‍ താമസിക്കുന്ന അജിത് ബര്‍ക്കാഡേജ്യോതി ദമ്പതികളുടെ മകനാണ് അഥര്‍വ്. ഫ്‌ലാറ്റില്‍ ഒരു ഭാഗത്ത് ഭിത്തിക്ക് പകരം ഏഴടി ഉയരത്തില്‍ സ്ലൈഡിങ് ജനലാണ്. മറ്റ് കവചങ്ങളും ഇല്ല.

തുണി വിരിച്ചിടുന്നതിനായി മുത്തശ്ശി ജനലുകള്‍ തുറന്നിട്ടു. ഓടിയെത്തിയ കുഞ്ഞ് വഴുതി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തോട് ചേര്‍ന്നുള്ള മരത്തിന്റെ ശാഖകളിലും ഇലകളിലും തട്ടിത്തടഞ്ഞ് താഴേക്ക് പതിച്ചപ്പോള്‍ വീഴ്ചയുടെ ആഘാതം കുറഞ്ഞത് വലിയ ദുരന്തം ഒഴിവായി. വീഴ്ചയില്‍ ക്ഷതമേറ്റ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവം വലിയ വാര്‍ത്തയായതോടെ പ്രകൃതിസ്‌നേഹികള്‍ മരത്തിന്റെ ചുവട്ടിലെത്തി വൃക്ഷവന്ദനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുകയും ചെയ്തു.

Related posts